വ്യാജ ഇന്റർവ്യൂ, 48 മണിക്കൂറിനുള്ളിൽ‌ ക്ലിപ്പിങ്ങുകൾ ഹാജരാക്കാൻ ഏഷ്യാനെറ്റ്‌ ന്യൂസിന്‌ നോട്ടീസ്

മാഹി അഴിയൂരിൽ പതിമൂന്നുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ മയക്കുമരുന്ന്‌ ക്യാരിയറായി ചിത്രീകരിച്ച്‌ സംപ്രേഷണം ചെയ്‌ത വാർത്തയുടെ വീഡിയോ ക്ലിപ്പിങ്ങുകൾ ഹാജരാക്കാൻ ഏഷ്യാനെറ്റ്‌ ന്യൂസിന്‌ പൊലീസ്‌ നോട്ടീസ്‌ നൽകി. ഏഷ്യാനെറ്റ്‌ കോഴിക്കോട്‌ ബ്യൂറോ ചീഫ്‌, റിപ്പോർട്ടർ, തിരുവനന്തപുരത്തെ ഏഷ്യാനെറ്റ്‌ ഹെഡ്‌ ഓഫീസ്‌ അധികൃതർ എന്നിവർക്കാണ്‌ വടകര ഡിവൈഎസ്‌പി ആർ ഹരിപ്രസാദ്‌ വ്യാഴാഴ്‌ച നോട്ടീസ്‌ നൽകിയത്‌.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം നിർമിച്ച കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ്‌ ഏഷ്യാനെറ്റിന്‌ മറ്റൊരു കേസിൽ നോട്ടീസ്‌ ലഭിച്ചത്‌. വീഡിയോ 48 മണിക്കൂറിനകം ഹാജരാക്കാനാണ്‌ നിർദേശം. വെള്ളിയാഴ്‌ചവരെ ഏഷ്യാനെറ്റ്‌ മറുപടി നൽകിയിട്ടില്ല. അഴിയൂരിലെ സ്‌കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസുകാരിയെ മയക്കുമരുന്ന്‌ സംഘം ക്യാരിയറാക്കിയെന്നായിരുന്നു വാർത്ത.

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ഉ​പയോഗി​ച്ച് വ്യാ​ജവാ​ർ​ത്ത നി​ർ​മി​ച്ചെ​ന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിൽ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത നൗ​ഫ​ൽ ബി​ൻ യൂ​സ​ഫി​നെ​യും പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വിനെയും വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അസി. കമീഷണർ വി. സുരേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ജീവനക്കാരെ ചോദ്യം ചെയ്തത്.

നൗഫലിനെ മൂന്ന് മണിക്കൂറും യുവതിയെ രണ്ടു മണിക്കൂറും ചോദ്യം ചെയ്തു. തൻറെ മകളെ ഉപയോഗിച്ച് വാർത്ത ചിത്രീകരിച്ചിട്ടില്ലെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. അതിനിടെ, ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തയിൽ പറയുന്ന യഥാർഥ ഇരയുടെ മുംബൈയിലുള്ള വീട്ടിലെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. വനിത എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിൽ എത്തി പെൺകുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയത്.

വാർത്തക്ക് ആവശ്യമായ വിഡിയോ നിർമിച്ച വേളയിൽ ഇവർ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്ന് പെൺകുട്ടിയും രക്ഷിതാക്കളും മൊഴി നൽകിയിട്ടുണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഉപയോ​ഗി​ച്ച് വ്യാ​ജ​ വാ​ർ​ത്ത നി​ർ​മിച്ചു​വെ​ന്ന പി.​വി. അ​ൻ​വ​ർ എം​.എ​ൽ​.എ പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.