പതിവുപോലെ ഗുഡ്മോർണിംഗ് മെസ്സേജ് അയച്ച ചേട്ടൻ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോൾ താങ്ങാൻ ആവുന്നില്ല, സീമ ജി നായർ

സിനിമാ സീരിയൽ താരം മണി മായമ്പിള്ളി അന്തരിച്ചത് കഴിഞ്ഞ ദിവസമാണ്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ് മണി മായമ്പള്ളി എന്ന മണികണ്ഠൻ. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറം മായമ്പള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിൻറെയും ദേവകി അന്തർജ്ജനത്തിൻറെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം.

കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, സത്യൻ അന്തിക്കാടിൻറെ ജോമോൻറെ സുവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ പെട്ടന്നുള്ള വേർപാട് ഞെട്ടലോടെയാണ് സഹപ്രവർത്തകർ കേട്ടത്. സീമ ജി നായർ, സോനു സതീഷ്, റിച്ചാർഡ്, സുബ്രഹ്മണ്യം, ഉമ നായർ തുടങ്ങിയവരെല്ലാം മണിയെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിട്ടുണ്ട്. ഇന്ദുലേഖ വീണ്ടും തുടങ്ങിയാൽ തിലകൻ മാമനേയും കാണാമല്ലോയെന്നോർത്തിരിക്കുകയായിരുന്നു, വിശ്വസിക്കാനാവുന്നില്ല ഈ വിയോഗമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

സീമ ജി നായർ കുറിച്ചത് ഇങ്ങനെ, പ്രിയ മണിച്ചേട്ടൻ (മണി മായമ്പിള്ളി) ഞങ്ങളെ വിട്ടു പോയി എന്ന വാർത്ത വിശ്വസിക്കാൻ പറ്റുന്നില്ല.. ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്മോർണിംഗ് മെസ്സേജ് അയച്ച ചേട്ടൻ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോൾ താങ്ങാൻ ആവുന്നില്ല.. മലയാള നാടക രംഗത്തെ പ്രശസ്ത കലാകാരൻ ആയിരുന്ന ചേട്ടനെ കഴിഞ്ഞ വെള്ളപൊക്കസമയത്താണ് അടുത്തറിഞ്ഞത്.. മനോജ്‌ നായർ മുഖേന.. അന്ന് തുടങ്ങിയ ബന്ധം.. ഒരു കൂടപ്പിറപ്പിനോടെന്ന പോലെ എന്നോട് കാണിച്ച സ്നേഹം.. ചേട്ടന്റ അമ്മക്ക് 75 വയസായി.. ഇന്നും ആ അമ്മയുടെ ഉണ്ണിക്കണ്ണൻ ആയിരുന്നു അദ്ദേഹം.. വളരെ അപൂർവമായാണ് ഇങ്ങനെ ഒരു അമ്മ മകൻ സ്നേഹം കണ്ടിട്ടുള്ളത്.. പെട്ടെന്നുള്ള ഈ വിയോഗം ആ അമ്മ എങ്ങനെ താങ്ങും എനിക്കറിയില്ല.. ഈ നിമിഷങ്ങൾ എങ്ങനെ തരണം ചെയ്യും എന്റെ ദൈവമേ