ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയ്‌ക്കും അമ്മാവനും ജാമ്യമില്ല

എറണാകുളം: ഷാരോണിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ആയിരുന്നു ഇവരുടെ അപേക്ഷ കോടതി തള്ളിയത്. തങ്ങളുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ സിന്ധുവും, അമ്മാവൻ നിർമ്മൽ കുമാറും കോടതിയെ സമീപിച്ചത്.

പാറശ്ശാല സ്വദേശി ഷാരോണിന്റെ കൊലപാതകത്തിൽ തങ്ങൾക്കെതിരെ തെളിവു നശിപ്പിച്ചു എന്ന കുറ്റം മാത്രമേ ചുമത്താൻ കഴിയുകയൂള്ളൂ. തങ്ങൾ ഈ കൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ തങ്ങൾക്ക് മേൽ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണ്. കേസിൽ തങ്ങളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇനിയും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.

കൊലപാതകത്തിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവുകൾ ക്രോഡീകരിക്കുകയാണ്. സംഭവത്തിൽ കുറ്റപത്രം ഉൾപ്പെടെ തയ്യാറാക്കിവരികയാണ് ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.