ലോകത്താർക്കും ഇങ്ങനെ ഒരു വേദന കൊടുക്കരുതേ എന്നാണ് പ്രാർത്ഥന, എനിക്കിങ്ങനെ വന്നല്ലോ എന്ന് ഞാൻ ഒരിക്കലും ദുഖിച്ചിട്ടില്ല

കാൻസർ രോ​ഗത്തോട് പടപൊരുതുന്നവർക്ക് ഒരു പുതു പ്രതീക്ഷയാണ് അവനി എന്ന കൊച്ചുമിടുക്കി. അർബുദവുമായുള്ള അതിജീവന പോരാട്ടത്തിലും പഠനത്തിനിടയിലും പഠനത്തിലും മിടുക്കിയാണ്. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.

ചെറിയ ക്ലാസ് മുതൽ തന്നെ പാട്ടിലും മറ്റു കലകളിലും മികവ് തെളിയിച്ചു. പിന്നീട് ഗാനത്തിൽ ശ്രദ്ധിച്ചു മുന്നോട്ടു പോകവേ രോഗം അവനിയുടെ കൂട്ടുകാരിയായി എത്തി. ഈ വിവരം നാടിനെ ‍ഞെട്ടിച്ചു. വിവിധ പരിശോധനകളിൽ രോഗ നിർണയം ശരിവച്ചു. വെഞ്ഞാറമൂടിന്റെ കലാഗ്രാമം വേദനയോടെയാണ് അവനിയുടെ രോഗവിവരങ്ങൾ കേട്ടത്. മേഖലയിലെ എല്ലാ സാംസ്കാരിക വേദികളും പാറി നടന്നു ഗാനങ്ങൾ ആലപിച്ച് സജീവ സാന്നിധ്യമായി മാറിയിരുന്നു. കലാകാരി എന്ന നിലയിലും വിദ്യാർഥി എന്ന നിലയിലും രണ്ടു വർഷം വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോയ അവനി രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും ആത്മ ധൈര്യം പകർന്നു രോഗത്തെ പ്രതിരോധിക്കാൻ തന്നെ തീരുമാനിച്ചു.ചികിത്സക്കിടയിലും തന്റെ ശബ്ദം നഷ്ടപ്പെടാതിരിക്കാൻ കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്നു. ചികിത്സ വിജയമായി കണ്ടു തുടങ്ങി. അവനി കൂടുതൽ പാടി. തുടർന്ന് രണ്ടു വർഷങ്ങൾക്കിപ്പുറം രോഗത്തെ വെല്ലുന്ന മധുര ഗാനങ്ങളുമായി വീണ്ടും അവനി വിവിധ വേദികളിലെത്തി.

ഇപ്പോളിതാ ഈ കൊച്ചുമിടുക്കി ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. വാക്കുകൾ, ഞാൻ അന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. പെട്ടെന്ന് പാട്ടു പാടുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നി. ചില പാട്ടുകൾ പാടാൻ വല്ലാത്ത ബുദ്ധിമുട്ടു തോന്നി. അങ്ങനെ ഞങ്ങൾ ഒരു ഡോക്ട്ടറെ കണ്ടു അദ്ദേഹം സ്കാനിങ്ങും എക്സ്റേയും എടുക്കാൻ പറഞ്ഞു. അതിന്റെ അടുത്ത ദിവസം രാത്രി എനിക്ക് ശ്വാസം എടുക്കാൻ പോലും കഴിയാത്ത അവസ്ഥയായി. വീട്ടുകാർ എന്നെ ആശുപത്രിയിലേക്ക് കൊണ്ടോടി. ദിവസങ്ങൾക്ക് ശേഷം അറിഞ്ഞു എനിക്ക് Lymphoblastic Lymphoma എന്ന അസുഖമാണെന്ന്. എനിക്കിത് തരണം ചെയ്യാൻ കഴിയും എന്ന് ഡോക്ക്ടർമാർ പറഞ്ഞു എന്നാലും അതത്ര എളുപ്പമായിരുന്നില്ല. ഞാൻ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ ഏകദേശം 25 റേഡിയേഷനോളം ഞാൻ എടുത്തു കഴിഞ്ഞു.

ലോകത്താർക്കും ഇങ്ങനെ ഒരു വേദന കൊടുക്കരുതേ എന്നാണ് പ്രാ4ത്ഥന ഈ പോരാട്ടത്തിന്റെ പല ഘട്ടത്തിലും ഞാൻ തളർന്നു പോയിട്ടുണ്ട്. എന്നാൽ എന്റെ മാതാപിതാക്കളും ഡോക്ടർമാരുമാണ് എനിക്ക് ഊർജം തന്നത്. എനിക്കിങ്ങനെ വന്നല്ലോ എന്ന് ഞാൻ ഒരിക്കലും ദുഖിച്ചിട്ടില്ല, എനിക്കിത് താങ്ങാൻ കഴിയും എന്നത് കൊണ്ടാണല്ലോ എനിക്കിത് വന്നത്. ലോകത്താർക്കും ഇങ്ങനെ ഒരു വേദന കൊടുക്കരുതേ എന്നാണ് പ്രാർത്ഥന.

കഴിഞ്ഞ സീസൺ സരിഗമപയുടെ ഫിനാലെ സ്റ്റേജിൽ ഞാൻ ഉണ്ടായിരുന്നു. അന്ന് ഗസ്റ്റ് ആയി വന്ന ഞാൻ എല്ലാവരോടും പ്രോമിസ് ചെയ്തിരുന്നു അടുത്ത സീസണിൽ ഞാൻ ഉണ്ടാകും എന്ന്. എന്നാൽ ലിറ്റിൽ ചാമ്പ്സിന്റെ ഓഡിഷൻ വിളിച്ചപ്പോൾ ഞാൻ വിചാരിച്ചു കുട്ടികൾക്കുള്ളതല്ലേ വേണ്ട എന്ന്. പിന്നീട് എന്റെ അനിയത്തിക്കൊപ്പം ഞാൻ ഓഡിഷന് വന്നു. ഇവിടുത്തെ വൈബ് കണ്ടപ്പോൾ എനിക്കും പങ്കെടുക്കാൻ തോന്നി. അങ്ങനെ ഞാൻ ഇവിടെ എത്തി.

എന്റെ ജീവിതം മുഴുവൻ ഞാൻ സംഗീതത്തോട് കടപ്പെട്ടിരിക്കുന്നു. അഞ്ചാം വയസ് മുതൽ ഞാൻ സംഗീതം പഠിക്കുന്നതാണ്. ഞാൻ വീണുപോയ ദിവസത്തിന്റെ തലേന്ന് പോലും മൂന്നു മണിക്കൂർ കച്ചേരി നടത്തിയിരുന്നു ഞാൻ. എന്റെ രോഗം കണ്ടു പിടിക്കാൻ സഹായിച്ചത് തന്നെ സംഗീതമാണ്, അത് തന്നെയാണ് എന്റെ മരുന്നും. ഞാൻ ഇപ്പോഴും മരുന്ന് കഴിക്കുന്നു, ഷൂട്ടിന്റെ ബ്രെയ്ക്കിൽ റേഡിയേഷൻ എടുക്കുന്നു. ഇതും ഞാൻ മറികടക്കും. എനിക്കാരുടെയും സിംപതി വേണ്ട. എന്റെ പോരാട്ടം എനിക്കറിയാം , ഞാൻ അതിൽ അഭിമാനിക്കുന്നു. എന്റെ ഈ യാത്ര ഒരാളെ എങ്കിലും പ്രചോദിപ്പിച്ചു എങ്കിൽ അതാണ് എന്റെ നേട്ടം. ഇനി എന്നെ പോലെ പോരാടുന്നവരോട്, വിട്ടുകൊടുക്കരുത്, പോരാടുക.