നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി തവണ കസ്റ്റംസിനെ വിളിച്ചിരുന്നു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീില്‍ നിന്ന് നിരവധി തവണ കസ്റ്റംസിനെ വിളിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണ്ണം അടങ്ങിയ ബാഗേജ് ലഭിക്കാതെ വന്നപ്പോള്‍ കസ്ംറ്റസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബാഗേജ് ആവശ്യപ്പെട്ടുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്.

ഇങ്ങനെയൊരു വിവരം അറിഞ്ഞപ്പോള്‍ തന്റെ ചില സോഴ്‌സ് ഉപയോഗിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പരിഭ്രമത്തോടെയാണ് സംസാരിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കസ്റ്റംസിലെ മറ്റു ചില ഉദ്യോഗസ്ഥരെക്കൂടി വിളിച്ച് അന്വേഷിച്ചപ്പോള്‍ വിവരങ്ങള്‍ വ്യക്തമായി. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീില്‍ നിന്ന് നിരവധി തവണ കസ്റ്റംസിനെ വിളിച്ചിരുന്നുവെന്നത് സത്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്ന് താനിത് പറഞ്ഞപ്പോള്‍ ആരോപണം മാത്രമാണെന്ന് പറഞ്ഞ് പലരും തള്ളിക്കളഞ്ഞു. ഇതിന്റെ പേരില്‍ ഇടതുപക്ഷം തന്നെ ശക്തമായി വേട്ടയാടുകയും ചെയ്തു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പല തവണ ബാഗേജ് വിട്ടുകിട്ടാന്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നത് സംബന്ധിച്ച ഡിജിറ്റല്‍ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജ് ആവശ്യപ്പെട്ട് കസ്റ്റംസിനെ വിളിച്ച ശിവശങ്കര്‍ സംസ്ഥാന മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥനെ കൊണ്ട് മുഖ്യമന്ത്രി ആരും വിളിച്ചില്ലെന്ന് പറയിപ്പിക്കുകയായിരുന്നുവെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.