‘വൈറല്‍ നായ’ ചോട്ടുവിന്റെ ജഡം പൊട്ടക്കിണറ്റില്‍; പൊട്ടിക്കരഞ്ഞ് ഉടമ ദിലീപ്

കൊട്ടാരക്കര: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചോട്ടു എന്ന നായയെ പൊട്ട കിണറില്‍ ചത്ത നിലയില്‍ കണ്ടെത്തി. വെളിനല്ലൂര്‍ പഞ്ചായത്തിലെ‍ ‍കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുകളുവിള വീട്ടില്‍ ദിലീപ്കുമാറിന്റെ ഉടമസ്ഥതയിലുള്ള നായ ആണ് ചോട്ടു. കഴി‌ഞ്ഞ ഞായര്‍ മുതല്‍ നായയെ കാണാനില്ലായിരുന്നു.

മൂന്നരവര്‍ഷമായി ദിലീപിന്റെ കൂടെ ചോട്ടു കൂടിയിട്ട്. രാവിലെ പത്രം കൊണ്ടുവരുന്നതും ജനാലകള്‍ തുറക്കുന്നതും വീട്ടുകാരെ ഉണര്‍ത്തുന്നതുമെല്ലാം ചോട്ടുവെന്ന ഈ നായയായിരുന്നു. ദിലീപ് കൃഷിയിടത്തില്‍ പോകുമ്ബോള്‍ കത്തിയും കത്താളുമായി ഒപ്പം കൂടും. പത്രം വായിക്കാന്‍ ദിലീപ് ഇരുന്നാല്‍ ഉടനേ മേശപ്പുറത്തിരിക്കുന്ന കണ്ണടയുമായി ചോട്ടു മുന്നില്‍ എത്തും. വീട്ടുകാരുമായി മാത്രമല്ല നാട്ടുകാരുമായും അടുപ്പത്തിലായിരുന്നു ചോട്ടു.

നായ തിരിച്ചുവരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നതായി ദിലീപ്‌കുമാര്‍ പ്രതികരിച്ചു. സാധാരണയായി ചോട്ടു പൊട്ട കിണറിന്റെ ഭാഗത്തേക്ക് വരാറില്ല. ഒരു പക്ഷേ മറ്റ് ഏതെങ്കിലും ജീവിയെ പിന്തുടര്‍ന്ന് ഇവിടേക്ക് വന്നതാവാം എന്നും അദ്ദേഹം പറഞ്ഞു. കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയിരുന്നില്ല.

ചോട്ടുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പോലീസും റൂറല്‍ പോലീസിന്റെ ഡോഗ് സ്ക്വാഡിലെ ‘പൈറോ’യും ഇന്നലെ പരിസരമാകെ പരിശോധന നടത്തിയിരുന്നു. ഏറെ നാളുകളായി സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു ചോട്ടു. കഴിഞ്ഞ വര്‍ഷമായിരുന്നു ചോട്ടുവിനുവേണ്ടി ദിലീപ് ചോട്ടൂസ് വ്ളോഗ് എന്ന പേരില്‍ യുട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതുവരെ 42 വിഡിയോകള്‍ ചെയ്തു. കണ്ടത് 70.8 ലക്ഷം.