ജീവനുള്ള കാലത്ത് സ്നേഹിക്കുക അവരെ കണ്ണ് നിറച്ച് കാണാന്‍ ശ്രമിക്കുക അല്ലാതെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് കണ്ണീരില്‍ കൊട്ടാരം തീര്‍ത്തിട്ട് കാര്യമില്ല

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിട നടനാണ് സൂരജ് സണ്‍. എന്നാല്‍ താരം സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. ചില ശാരീരിക ബുദ്ധിമുട്ടുകളാണ് അഭിനയത്തില്‍ നിന്നും പിന്മാറുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമായ സൂരജ് തന്റെ വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ അച്ഛനെ കുറിച്ച് സൂരജ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

എല്ലാവര്‍ക്കും നമസ്‌കാരം… കുറച്ചു നേരം അച്ഛന്‍ അമ്മ അടുത്തിരുന്നു സംസാരിച്ചപ്പോള്‍ അവര്‍ക്ക് പറയാനുള്ളത് കേട്ടപ്പോള്‍. എനിക്ക് പറയാനുള്ളത് അവര്‍ക്ക് കേള്‍ക്കാനുള്ള താല്പര്യം കണ്ടപ്പോള്‍ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടി. എനിക്ക് വരാറുള്ള മെയിലുകളില്‍ സ്വത്തിനും പണത്തിനും വേണ്ടി അല്ലെങ്കില്‍ അത് ഇല്ലാത്തതിനെ പേരില്‍ മാതാപിതാക്കള്‍ക്ക് തടവ് ശിക്ഷ വിധിക്കുന്ന മക്കളുടെ കഥകള്‍ കാണാറുണ്ട്. ഞാന്‍ ഓര്‍ക്കുകയാണ്.. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും ഉണ്ട്.

ഒഴിവു ദിവസങ്ങളില്‍ വീട് വൃത്തിയാക്കുന്ന ഒരു സ്ഥിരം പരിപാടി ഉണ്ട് എനിക്ക്. അപ്പോള്‍ എന്റെ അച്ഛന്‍ കിടക്കുന്ന റൂമിലെത്തി ഞാന്‍ ഒന്നു കയറി അച്ഛന്റെ ജീവിതത്തില്‍ അച്ഛന്റെ എല്ലാ സമ്ബാദ്യവും ഒരു തോള്‍ സഞ്ചിയില്‍ ആയിരുന്നു. അതില്‍ കണ്ട കാര്യങ്ങള്‍ എന്താണെന്ന് ഞാന്‍ വിശദീകരിക്കാം. ഒരു പഴയ ഡയറി, പകുതി മഷി തീര്‍ന്ന പേന, കുറേ ചില്ലറ പൈസകള്‍, ഒരു ഉണങ്ങിയ അടയ്ക്ക, ശബരിമലക്ക് പോയ മാലകള്‍, കര്‍പ്പൂരം, പിന്നെ ഒരു പേഴ്സ് ഒരു 30 രൂപ പിന്നെ കുറച്ച് കീറിയ പൈസ, ഐഡി കാര്‍ഡ്, ലൈസന്‍സ്, ഫോണ്‍ നമ്ബറുകള്‍ എഴുതിയ ഒരു പോക്കറ്റ് ഡയറി…

ചിതലരിച്ച ദൈവങ്ങളുടെ ഫോട്ടോ, പഴയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ അത് അച്ഛന്റെ തന്നെ, എനിക്ക് അതൊക്കെ കണ്ടപ്പോള്‍ ആദ്യം എനിക്ക് ചിരി വന്നു കാരണം റൂം വൃത്തിയാക്കാന്‍ കേറിയപ്പോള്‍ എന്നോട് അച്ഛന്‍ പറഞ്ഞ കാര്യം ഉണ്ടായിരുന്നു എന്റെ സാധനങ്ങളും എടുത്ത് കളയരുത്. ഓര്‍ത്തപ്പോ വല്ലാതെ പാവം തോന്നി ഒരുപാട് സ്നേഹം തോന്നി ഒരുപാട് ബഹുമാനം തോന്നി കണ്ട കാലം മുതല്‍ സ്വന്തമായി ഒരു രൂപ പോലും സമ്ബാദ്യമായില്ല. ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങാന്‍ വേണ്ടി. എവിടെയും ഒരു രൂപ പോലും കടം ഇല്ല. കടം ഉണ്ടെങ്കില്‍ തന്നെ 30 രൂപ 20 രൂപ മാത്രം. കുട്ടിക്കാലത്ത് ഒരു ഷര്‍ട്ട് അല്ലെങ്കില്‍ കളിപ്പാട്ടം ഇതൊന്നും അച്ഛന് വാങ്ങി തരാന്‍ സാധിച്ചില്ല. പക്ഷേ പട്ടിണിയില്ലാതെ ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടം പോലെ വായില്‍ വെച്ച് തന്നു. ഇന്ന് ഈ കാണുന്ന രൂപത്തിലാക്കി തന്നിട്ടുണ്ട്..

ഇതൊക്കെ പറയാനുള്ള കാരണം. സ്വത്തും പണവും ഉള്ളതും ഇല്ലാത്തതും അല്ല സ്നേഹിക്കാനുള്ള കാരണങ്ങള്‍. അവരുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയണം. അവര്‍ വളര്‍ത്തി വലുതാക്കിയ മക്കള്‍ അവരുടെ തൊട്ടടുത്തുണ്ട് എന്ന പ്രതീക്ഷ വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടെന്ന വിശ്വാസം.. ജീവനുള്ള കാലത്ത് സ്നേഹിക്കുക അവരെ കണ്ണ് നിറച്ച് കാണാന്‍ ശ്രമിക്കുക അല്ലാതെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് കണ്ണീരില്‍ കൊട്ടാരം തീര്‍ത്തിട്ട് കാര്യമില്ല… എന്ന് നിങ്ങളുടെ സ്വന്തം.. സൂരജ് സണ്‍