ടിക്കറ്റ് നിരക്ക് വ‍ർദ്ധനവ് , പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്ന് കായികമന്ത്രി; വിവാദം

തിരുവനന്തപുരം : കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിൽ
കായികമന്ത്രിയുടെ വിവാദ പ്രതികരണം. പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്നായിരുന്നു കായികമന്ത്രി വി.അബ്ദുറഹ്മാന്റെ പ്രസ്താവന. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കായിക പ്രേമികളെ സര്‍ക്കാര്‍ പിടിച്ചുപറിക്കുന്നു എന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.

അത്സമയം കഴിഞ്ഞതവണ കുറഞ്ഞ നികുതിയായിട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികൾക്ക് ഗുണം കിട്ടാതെ ബിസിസിഐയും കെസിഎയുമാണ് നേട്ടം കൊയ്തതെന്നും കായികമന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റ് വില്‍പ്പന മൂലമുള്ള നികുതി പണം കായിക മേഖലയില്‍ തന്നെ വിനിയോഗിക്കുമെന്നും മുട്ടത്തറയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കാര്യവട്ടത്ത് കളി കാണാൻ ബിസിസിഐ ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപ, ലോവര്‍ ടയറിന് 2000. 18 ശതമാനം ജിഎസ്ടിയും കോര്‍പ്പറേഷന്‍റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860ഉും ആയി ഉയരും. ഇത് സാധാരണക്കാരായ കായികപ്രേമികൾക്ക് തിരിച്ചടിയാകുമെന്നതിൽ സംശയം വേണ്ട.