ലോകത്ത് കോടതിയിൽ ആദ്യമായി റോബോട്ട് ‘വക്കീൽ’, വിശ്വസിക്കുമോ?

ന്യൂയോർക്ക്. ലോകത്ത് ആദ്യമായി റോബോട്ട് കോടതിയിൽ കേസ് വാദിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടാണ് ട്രാഫിക്ക് നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്ക് വേണ്ടി ഹാജരാകുന്നത്. ‘DoNotPay’ എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ അപൂർവ റോബോട്ടിന്റെ നിർമ്മാതാക്കൾ.

റോബോട്ട് ഒരു സ്മാർട്ട് ഫോണിൽ പ്രവർത്തിക്കുകയും കോടതിയിലെ വാദങ്ങൾ യഥാസമയം കേട്ട് പ്രതിയോട് കോടതിയിൽ എന്താണ് പറയേണ്ടതെന്ന് ഹെഡ്ഫോണിലൂടെ നിർദ്ദേശിക്കുകയും ചെയ്യുന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജോഷ്വ ബ്രൗഡർ 2015ലാണ് ഡു നോട്ട് പേ എന്ന സ്റ്റാർട്ടപ്പ് സ്ഥാപിക്കുന്നത്. ലോകത്തിലെ ആദ്യത്തെ റോബോട്ട് അഭിഭാഷകനെ വികസിപ്പിച്ചത് തങ്ങളാണെന്നാണ് കമ്പനി ഇതോടെ അവകാശപ്പെടുന്നത്.

ട്രാഫിക്ക് കേസുകളിൽ പെടുന്നവർക്ക് സൗജന്യമായി നിയമ സേവനം നൽകുകയാണ് ജോഷ്വ ബ്രൗഡറുടെ ലക്ഷ്യം. നിയമ പോരാട്ടം നടത്തുന്ന സാധാരണക്കാ‍ർ, ബ്യൂറോക്രസിയുടെ നിയമ കുരുക്കിൽപ്പെടുന്നവ‍ർ, അങ്ങനെ നിയമ പോരാട്ടം നടത്തുന്ന എല്ലാവ‍ർക്കും ഒറ്റ ക്ലിക്കിലൂടെ നീതി ലഭ്യമാക്കി കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി അവകാശപ്പെടുന്നു.

2023 ഫെബ്രുവരിയിലാണ് കേസിൽ വാദം കേൾക്കുന്നത്. കേസിൽ വാദം കേൾക്കുന്നത് ഏത് തീയതിയിലാണെന്നോ ഏത് കോടതിയിലാണെന്നോ റോബോട്ടിന്റെ നി‍ർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അമിത വേഗതയിൽ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട കേസാണ് റോബോട്ട് വാദിക്കുകയെന്ന് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നു.