ഏറ്റവും ദുഃഖം നൽകിയത് പ്രേം നസീറിന്റെയും അടൂർ ഭാസിയുടെയും മരണമാണ്- ശ്രീലത

ഇരുപത്തിമൂന്ന് വർഷത്തോളം അഭിനയത്തിൽ നിന്നും മാറി നിന്നതിന് ശേഷമാണ് ശ്രീലത നമ്പൂതിരി സിനിമയിലേക്ക് തിരിച്ച്‌ വന്നത്. മാറി നിൽക്കാനുള്ള കാരണത്തെ കുറിച്ചും ജീവിതത്തിലുണ്ടായ ഏറ്റവും സങ്കടമുള്ള കാര്യത്തെ കുറിച്ചുമൊക്കെ തുറന്നുപറയുകയാണ് താരം, വാക്കുകൾ,

ഏറ്റവും ദുഃഖം നൽകിയത് പ്രേം നസീറിന്റെയും അടൂർ ഭാസി അടക്കമുള്ളവരുടെ മരണമാണ്. പ്രേം നസീറിനെ പോലൊരു മനുഷ്യസ്‌നേഹിയെ ഞാൻ കണ്ടിട്ടില്ല. അന്ന് വർഷത്തിൽ മുക്കാൽ ഭാഗം ഇദ്ദേഹത്തെ കണ്ട് കൊണ്ടേ ഇരിക്കുകയല്ലേ. അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല. പിന്നെ തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ സന്തോഷമെന്നത് നല്ലൊരു കുടുംബജീവിതം ലഭിച്ചു എന്നതാണ്. നല്ലൊരു ഭർത്താവിനെയാണ് കിട്ടിയത്. എന്റെ അമ്മയെക്കാൾ എന്റെ സ്വഭാവം നല്ലവണ്ണം മനസിലാക്കിയ വ്യക്തിയാണ്.

വിവാഹം കഴിഞ്ഞ് അദ്ദേഹം നാട്ടിൽ പ്രാക്ടീസ് ചെയ്യുമ്പോൾ ഞാൻ മദ്രാസിൽ അഭിനയിക്കുന്നത് ശരിയായി തോന്നിയില്ല. എന്തൊക്കെ പറഞ്ഞാലും കുത്തിത്തിരിപ്പ് പരിപാടികളൊക്കെ സിനിമയിൽ ഒരുപാടുണ്ട്. എന്തിനാണ് അനാവശ്യമായി അങ്ങനെ ഒരോന്നിൽ പോയി ചാടുന്നത്. ഒരുപാട് ജീവിതം കണ്ടിട്ടുണ്ട്. നമ്മൾ കുടുംബവുമായി ഒത്ത് ചേർന്ന് മുന്നോട്ട് പോവാൻ ശ്രമിച്ചാൽ കുഴപ്പമില്ല. ജീവിതം ഒന്നേയുള്ളു. അത് നല്ല രീതിയിൽ കൊണ്ട് പോകാൻ രണ്ട് കൂട്ടരും ശ്രമിക്കണം. വിവാഹശേഷം അദ്ദേഹത്തെ ജോലിയിൽ സഹായിക്കാൻ പഠിച്ചു.

വസന്ത എന്നതായിരുന്നു ശ്രീലതയുടെ ആദ്യകാലത്തെ പേര്. ഏഴാംക്ലാസിൽ പഠിയ്ക്കുമ്പോൾ കെ പി എ സിയിൽ അംഗമാകുകയും നാടക ഗാനങ്ങൾ പാടുകയും ചെയ്തിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോൾ തോപ്പിൽ ഭാസിയുടെ നാടകത്തിൽ അഭിനയിക്കാൻ തുടങ്ങി. നാടകാഭിനയം തുടർന്നുപോയതിനാൽ ശ്രീലത നമ്പൂതിരിയുടെ പഠനം പാതിവഴിയിൽ മുടങ്ങി. എങ്കിലും ദക്ഷിണാമൂർത്തി സ്വാമിയുടെ കീഴിൽ അവർ സംഗീതം അഭ്യസിയ്ക്കാൻ ആരംഭിച്ചു.

നാടകവേദികളിൽനിന്നും ശ്രീലത നമ്പൂതിരി താമസിയാതെ സിനിമയിലെത്തി. 1967ൽ ഇറങ്ങിയ ഖദീജയായിരുന്നു ശ്രീലത നമ്പൂതിരിയുടെ ആദ്യ സിനിമ. തുടർന്ന് 200ൽ അധികം സിനിമകളിൽ അവർ അഭിനയിച്ചു. ആദ്യകാലത്ത് കൂടുതൽ ഹാസ്യവേഷങ്ങളാണ് അവർ അഭിനയിച്ചിരുന്നത്. അടൂർഭാസി – ശ്രീലത നമ്പൂതിരി ജോഡികൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്നു. നല്ലൊരു ഗായിക കൂടിയായ ശ്രീലത നമ്പൂതിരി ഏതാണ്ട് മുപ്പതോളം സിനിമകളിൽ പാടിയിട്ടുണ്ട്. ഭർത്താവിന്റെ മരണത്തിനു ശേഷം ശ്രീലത നമ്പൂതിരി പതാക എന്നസിനിമയിലൂടെ വിണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു. സിനിമ കൂടാതെ ധാരാളം സീരിയലുകളിലും ശ്രീലത നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്.