അഭിനയത്തിനു മുന്‍പ് ആര്‍ക്കിടെക്ട് ആയിരുന്നു, പ്രൊഫസര്‍ ആയിരുന്ന, ആ ലൈഫും സൂപ്പറായിരുന്നു, ശ്രുതി രാമചന്ദ്രന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി രാമചന്ദ്രന്‍. നടി നായികയായ മധുരം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഞാന്‍ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ശ്രുതി അവതരിപ്പിച്ചു. അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആര്‍ടിസ്റ്റും തിരക്കഥാകൃത്തുമൊക്കെയാണ് ശ്രുതി. ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി തന്റെ മനസ് തുറന്നിരിക്കുന്നത്.

ശ്രുതിയുടെ വാക്കുകള്‍: അഭിനയത്തിനു മുന്‍പ് ആര്‍ക്കിടെക്ട് ആയിരുന്നു. പ്രൊഫസര്‍ ആയിരുന്നു. ആ ലൈഫും സൂപ്പറായിരുന്നു. മാസ്റ്റേഴ്‌സ് ചെയ്യുന്നതിനു മുന്‍പായിരുന്നു എന്റെ ആദ്യത്തെ സിനിമ, ‘ഞാന്‍’ ചെയ്യുന്നത്. അത് പക്ഷേ, എനിക്ക് സിനിമയോട് സ്‌നേഹമില്ലാത്ത സമയത്ത് ചെയ്ത സിനിമ ആയിരുന്നു. സിനിമ എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. എന്റെ പൊട്ടത്തരം കാരണം ഒരു സെറ്റില്‍ നാല് പേരേ ഉണ്ടാവൂ എന്നാണ് ഞാന്‍ കരുതിയത്. സിനിമയെ പതുക്കെപ്പതുക്കെ മനസ്സിലാക്കി വരുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ എന്റെ വളര്‍ച്ചയും പതിയെയാണ്. ഇഷ്ടം കൂടിയതുകൊണ്ടുള്ള പോസിറ്റീവ്സാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഇങ്ങനെ പതിയെ വരുന്നതാണ് എനിക്കും ഇഷ്ടം. എന്റെ ജീവിതത്തിലും എല്ലാം അങ്ങനെയായിരുന്നു. പഠിച്ചുവരാന്‍ ഒരു സമയം വേണമല്ലോ. ഇനിയും നല്ല പ്രൊജക്ടുകള്‍ വരട്ടെയെന്ന് ആഗ്രഹിക്കുന്നു.

ജയേട്ടനാണ് എനിക്ക് സിനിമയോടുള്ള സ്‌നേഹം ക്രിയേറ്റ് ചെയ്തത്. എന്നെ എവിടേയോ വച്ച് കണ്ടിട്ട് ‘സിനിമയില്‍ അഭിനയിക്കാമോ, പ്രേതത്തിന്റെ ലക്ഷണമുണ്ട്’ എന്ന് ജയേട്ടന്‍ പറഞ്ഞു. എനിക്ക് തീരെ താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ആദ്യത്തെ എക്‌സ്പീരിയന്‍സിനു ശേഷം എനിക്ക് സിനിമ ചെയ്യാന്‍ കഴിയുമെന്ന് തോന്നിയില്ല. ജയേട്ടന്‍ വീണ്ടും നിര്‍ബന്ധിച്ചു. രഞ്ജിത്തിനെ ഒന്ന് കണ്ട് കണക്ടായാല്‍ നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. എന്തായാലും കണക്ടാവില്ല. നമ്മള്‍ രണ്ട് പേരുടെയും സമയം എന്തിന് കളയുന്നു എന്നായിരുന്നു എന്റെ ചോദ്യം. എന്തായാലും ഒന്ന് കാണൂ എന്ന് ജയേട്ടന്‍ നിര്‍ബന്ധിച്ചു. അങ്ങനെ രഞ്ജിത്തേട്ടനുമായി മീറ്റ് ചെയ്തു. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നി. ഷൂട്ടിംഗിനിടെ എല്ലാ ദിവസവും ഒരു ക്ലാസ് പോലെയായിരുന്നു. കാര്യങ്ങളൊക്കെ ജയേട്ടന്‍ വിശദീകരിച്ച് തരുമായിരുന്നു. അത് എനിക്ക് വലിയ സഹായമായി. അതുകൊണ്ട് തന്നെ പ്രേതം എന്ന സെറ്റ് എനിക്ക് വലിയ ഊര്‍ജമായി.

എനിക്ക് മുംബൈയില്‍ ഒരു ജോലി ഉണ്ടായിരുന്നു. അപ്പോള്‍ ഫ്രാന്‍സിസ് കൊച്ചിയിലേക്ക് മാറുകയാണെന്ന് പറഞ്ഞു. പക്ഷേ, എനിക്ക് അതിനു കഴിഞ്ഞില്ല. സിനിമയില്‍ എന്ത് ഉറപ്പുണ്ടെന്ന് എനിക്ക് അറിയുമായിരുന്നില്ല. ഒരു വര്‍ഷമെന്ന് പറഞ്ഞാണ് കൊച്ചിയിലെത്തിയത്. വര്‍ക്കൗട്ടായില്ലെങ്കില്‍ മാറാമെന്ന് ഫ്രാന്‍സിസ് പറഞ്ഞു. ഇപ്പോള്‍ അഞ്ച് കൊല്ലമായി ഇവിടെത്തന്നെയുണ്ട്.