സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഭരണ വീഴ്ച, കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണം

തിരുവനന്തപുരം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ വീഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാരിനെ അധിക്ഷേപിച്ചിച്ച് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശമ്പളം കൊടുക്കാന്‍ കടപത്രം ഇറക്കേണ്ടിവന്നത് പിണറായി വിജയന്റെ പിടിപ്പുകേടാണെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിട്ടും സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് കുറയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളത്തിനും വെളിച്ചത്തിനും നികുതി കൂട്ടിയിട്ടും കരകയറുവാന്‍ സാധിക്കാത്ത വിധത്തില്‍ സംസ്ഥാന സാമ്പത്തിക പ്രതിസന്ധിയിലാണ്.

മേയ് മാസം വരെയുള്ള ജിഎസ്ടി വിഹിതം കേന്ദ്രം നല്‍കി. തൊഴിലുറപ്പിനും നെല്ലു സംഭരണത്തിനും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം വകമാറ്റിചെലവഴിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.