റോഡരികിൽ സ്റ്റീൽ ബോംബുകൾ പ്ളാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ, സംഭവം കോഴിക്കോട്

കോഴിക്കോട്: റോഡരികിൽ സ്റ്റീൽ ബോംബുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബോർഡിന് പിന്നിലാണ് ബോംബുകൾ കണ്ടെത്തിയത്. പ്ളാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.

ബോംബ് കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് സി ഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്‌ക്വാഡ് എത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിന് ശേഷമേ വിവരങ്ങൾ പുറത്തുവിടാനാകൂവെന്ന് പൊലീസ് പ്രതികരിച്ചു.

ഏപ്രിൽ അഞ്ചിന് കണ്ണൂർ പാലൂർ വള്ളങ്ങാട്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. അടച്ചിട്ട കടമുറിക്കുള്ളിൽ നിന്നാണ് ഇവ കണ്ടെടുത്തത്. സംഭവത്തിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആരെയും പിടിക്കൂടാൻ ആയിട്ടില്ല.