ആരുടെ കൂടെയാണ് ഒളിച്ചോടിയത് എന്നറിയാന്‍ ആളുകള്‍ നിര്‍ത്താതെ വിളിയായിരുന്നു, സുബി പറയുന്നു

നടിയും അവതാരകയുമായ സുബി സുരേഷ് ഒളിച്ചോടി എന്ന വിധത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു ചാനല്‍ ലോഗോ കൂടി പതിച്ച പോസ്റ്ററില്‍ സുബി സുരേഷിനെ കാണാനില്ലെന്നായിരുന്നു വാര്‍ത്ത. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം ഒന്നും ചാനലോ സുബിയോ നല്‍കിയില്ല. ഇതിന് പിന്നാലെ സുബിയെ കണ്ടെത്തി എന്ന പോസ്റ്ററും എത്തി. എന്നാല്‍ ഇതിന്റെ പേരില്‍ വീട്ടില്‍ ഇരിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നു തനിക്ക് എന്ന് പറയുകയാണ് സുബി.

താന്‍ ആരുടെ കൂടെയാണ് ഒളിച്ചോടി പോയതെന്ന് അറിയാന്‍ ആളുകള്‍ നിര്‍ത്താതെ വിളിക്കുകയായിരുന്നു. കൂടാതെ ഓണ്‍ലൈനിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ ആദ്യ വനിത താന്‍ ആണെന്നും പറയാം നേടാം എന്ന എംജി ശ്രീകുമാര്‍ അവതാരകനായി എത്തിയ പരിപാടിയില്‍ പങ്കെടുക്കവെ സുബി പറഞ്ഞു.

സുബി ഒളിച്ചോടി എന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് വന്ന ഫോണ്‍ വിളികള്‍ക്ക് കൈയ്യും കണക്കുമില്ല. വീട്ടില്‍ ഇരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതേസമയം ലോക്ഡൗണ്‍ ആയിട്ട് പോലും നമ്മള്‍ പട്ടിണി കിടക്കുകയാണോ എന്നറിയാന്‍ ഒരു മനുഷ്യനും വിളിച്ചിട്ടില്ല. അമേരിക്കയില്‍ നിന്ന് വരെ തന്നെ വിളിച്ച് ഇതേ കുറിച്ച് ചോദിച്ചിട്ടുണ്ട്.

സുബി മൂന്ന് കല്യാണം കഴിച്ചിട്ടുണ്ടെന്ന പ്രചരണങ്ങളെ കുറിച്ചും അവതാരകന്‍ ചോദിക്കുന്നുണ്ട്. മൂന്ന് കല്യാണമൊക്കെ പ്രയാസമല്ലേ എന്ന എം.ജിയുടെ ചോദ്യത്തിന് ഒരെണ്ണം തന്നെ തങ്ങാന്‍ പറ്റുന്നില്ലെന്നാണ് സുബി മറുപടിയായി പറഞ്ഞത്. സുബിയെ ആരെങ്കിലും പൂട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ അങ്ങനൊരു അവസരം ഞാന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് സുബി പറയുന്നത്. പലവട്ടം പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ താന്‍ പൂട്ടാനായി നിന്ന് കൊടുത്തിട്ടില്ല. അതില്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചതാരാണ് എന്ന ചോദ്യത്തിന് ജിംമ്പ്രൂട്ടന്‍ എന്നാണ് നടി പറയുന്നത്.