ചുമയുടെ രൂപത്തില്‍ വന്ന വിധി ഇത്രമേല്‍ ഞങ്ങളുടെ ജീവിതത്തെ മാറ്റിവരച്ചുകളയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല

ക്യാന്‍സര്‍ എന്ന മഹാമാരി പിടിപെട്ടു കഴിഞ്ഞാല്‍ ജീവിതം അവസാനിച്ചു എന്ന് കരുതുന്നവരാണ് പലരും. എന്നാല്‍ തുടക്കത്തിലെ കണ്ടുപിടിച്ചാല്‍ മറ്റ് ഏത് രോഗം പോലെയും ചികിത്സിച്ച് ഭേതമാക്കാന്‍ സാധിക്കുന്ന ഒന്നാണ് ഇത്. കാന്‍സറിനെതിരെ പോരാടുന്ന നിരവധി പേര്‍ ഇന്ന് നമുക്ക് ചുറ്റിനുമുണ്ട്. പൊരുതി വിജയം നേടിയവരുമുണ്ട്. ഇപ്പോള്‍ ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ കേരള കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ സപ്പോര്‍ട്ടേഴ്‌സില്‍ സുചി ചന്ദ്രന്‍ എന്നയാള്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കാന്‍സര്‍ ബാധിച്ച് ഭാര്യ ശ്രീജ മരിക്കുകയും അതിന് മുമ്പ് നടത്തിയ പോരാട്ടവുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം, കൊച്ചുകൊച്ചു സന്തോഷങ്ങളുമായി കഴിഞ്ഞിരുന്നൊരു കുഞ്ഞുകുടുംബം. ഓര്‍ക്കാപ്പുറത്താണ് കാന്‍സര്‍ എന്ന മഹാമാരി ആഞ്ഞുവീശിയത്. ഏഴുതിരിയിട്ടു കത്തിച്ചുവച്ച നിലവിളക്കിന്റെ വെളിച്ചം ആ കാറ്റില്‍ അണയാന്‍ തുടങ്ങുകയായിരുന്നു അന്ന്. കൃത്യമായി പറഞ്ഞാല്‍ 2012 നവംബര്‍ മാസം…. ചുമയുടെ രൂപത്തില്‍ വന്ന വിധി ഇത്രമേല്‍ ഞങ്ങളുടെ ജീവിതത്തെ മാറ്റിവരച്ചുകളയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ രാത്രി മലപ്പുറത്തെ ജോലിസ്ഥലത്തുനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ഭാര്യയുമായി പോകുമ്പോള്‍ മനസ്സത്ര കലുഷിതമല്ലായിരുന്നു. പക്ഷേ, രണ്ടു മൂന്നു നാള്‍ കൊണ്ടു കാര്യങ്ങള്‍ കലങ്ങിമറിഞ്ഞു തുടങ്ങി. വിട്ടുമാറാത്ത ചുമയുടെ കാരണം തേടിയുള്ള യാത്ര അവിടുന്ന് തുടങ്ങി. പിന്നീടിങ്ങോട്ട് 2020 ഏപ്രില്‍ വരെ ആ ഓട്ടം തുടര്‍ന്നു.. എത്രയെത്ര ആശുപത്രികള്‍… എത്രയെത്ര ഡോക്ടര്‍മാര്‍.. ഏതെല്ലാം ചികിത്സാരീതികള്‍… എന്തുവന്നാലും അവളെ അങ്ങനെയങ്ങു വിട്ടുകൊടുക്കില്ലെന്ന നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു എന്റെ കൈമുതല്‍.. ഉലഞ്ഞുപോകാമായിരുന്ന പ്രതിസന്ധികളൊട്ടേറെ ഉണ്ടായിട്ടും ഞങ്ങള്‍ പൊരുതി, ഏഴരവര്‍ഷക്കാലം! ഇന്നു ഫെബ്രുവരി 4. ലോക കാന്‍സര്‍ ദിനം– എന്റെ ഭാര്യ ശ്രീജ.. ഇന്നു ഞങ്ങളുടെ കൂടെയില്ല. അവള്‍ ഞങ്ങളെ വിട്ടു പോയിട്ട് 10 മാസമാകുന്നു….. എന്നെയും മോളെയും തനിച്ചാക്കി വേദനകളില്ലാത്ത ലോകത്ത് തിളങ്ങുന്ന നക്ഷത്രമായി…

മകള്‍ക്ക് 8 മാസം പ്രായമുള്ളപ്പോഴാണ് 2008 ജനുവരി മാസം ഞാന്‍ ജോലി ആവശ്യാര്‍ത്ഥം മലപ്പുറത്തിന്റെ മണ്ണിലെത്തുന്നത്. ഓഫീസിനടുത്തു തന്നെ മുണ്ടുപറമ്പ് ഹൗസിംഗ് കോളനിയില്‍ ഒരു വീടു തരപ്പെടുത്തി കുറച്ച് ദിവസങ്ങള്‍ക്കകം ശ്രീജയേയും മകളേയും മലപ്പുറത്തേക്കു കൊണ്ടു വന്നു. വളരെ ആശങ്കകളോടെ തിരുവനന്തപുരത്തുനിന്നും മലപ്പുറത്തെത്തിയ ശ്രീജ വളരെപ്പെട്ടെന്നു തന്നെ മലപ്പുറംകാരിയായി മാറി.
2011 ഏപ്രിലില്‍ എന്റെ അമ്മയ്ക്ക് സ്തനാര്‍ബുദം ആണെന്നു തിരിച്ചറിഞ്ഞു. എന്റെ അറിവില്‍, എന്റെ കുടുംബത്തില്‍, എന്റെ സുഹൃത്തു വലയത്തിനുള്ളിലെ ആദ്യ കാന്‍സര്‍ രോഗി.. അറിഞ്ഞ അന്നു ഞാന്‍ വല്ലാതെ തകര്‍ന്നു പോയി. പക്ഷേ, എനിക്കു ധൈര്യ പകര്‍ന്നത് ശ്രീജയാണ്. തൊട്ടടുത്ത ദിവസം രാവിലെ തന്നെ ഞങ്ങള്‍ കണ്ണൂരിലേക്ക് പോയി.അമ്മയെയും കൂട്ടി ഡോക്ടറിനെ കണ്ടു. സര്‍ജറി ചെയ്യുവാന്‍ തീരുമാനിച്ചു. സര്‍ജറിക്കു ശേഷം തിരുവനന്തപുരത്തെ ആശുപത്രിയില്‍ 6 കീമോ. അതിനു ശേഷം 25 റേഡിയേഷന്‍. റേഡിയേഷന്‍ ചികില്‍സയ്ക്കു വേണ്ടി ഒരു മാസത്തിലധികം തിരുവനന്തപുരത്തു താമസിക്കേണ്ടി വന്നപ്പോഴും അവളായിരുന്നു അമ്മയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത്. 2012 ഒക്ടോബര്‍ മാസം.. കണ്ണൂരില്‍ പണിത പുതിയ വീടിന്റെ പാലു കാച്ചിലായിരുന്നു. ചടങ്ങുകഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം ഞങ്ങള്‍ മലപ്പുറത്തേക്ക് മടങ്ങി. ആ സമയത്താണ് അവള്‍ക്ക് ചെറിയ ചുമ തുടങ്ങിയത് . അതത്ര കാര്യമായി എടുത്തതുമില്ല. ഒന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും ചുമ വിട്ടു പോകാത്തതിനാല്‍ രാവിലെ തൊട്ടടുത്തുള്ള ഫിസിഷ്യനെ കാണാന്‍ പോയി. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എക്‌സറേ എടുക്കാന്‍ പറഞ്ഞു. എക്‌സറേ കണ്ട അദ്ദേഹം എത്രയും പെട്ടെന്ന് ഒരു പള്‍മനോളജിസ്റ്റിനെ കാണമെന്ന് പറഞ്ഞു. അദ്ദേഹം സി.ടി. സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. അപ്പോഴൊന്നും ഒരു വലിയ ദുരന്തത്തിന്റെ ദുസ്സൂചനകളായിരുന്നു അതെന്നു തിരിച്ചറിഞ്ഞിരുന്നില്ല ഞങ്ങള്‍. സി.ടി. സ്‌കാന്‍ ചെയ്യുന്ന സമയം റേഡിയോളജിസ്റ്റ് ഇരിക്കുന്ന മുറിയിലേക്ക് എന്നെ വിളിപ്പിച്ചു. അവരുടെ മോണിറ്ററില്‍ സ്‌കാന്‍ ചെയ്യുന്ന ഭാഗങ്ങള്‍ കാണിച്ചുതന്നു. ലങ്‌സില്‍ ഫ്‌ലൂയിഡ് കെട്ടികിടപ്പുണ്ടന്നും അത് സിറിഞ്ചില്‍ കൂടി കുത്തിയെടുക്കാന്‍ പോകുകയാണെന്നും പറഞ്ഞു. സ്‌കാനിങ്ങ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അവരുടെയൊക്കെ മുഖഭാവങ്ങളില്‍ വന്ന മാറ്റം എന്നെ വല്ലാതെ ആശങ്കയിലാക്കി… എന്തോ അപകടം പതിയിരിപ്പുള്ളപോലെ ഒരു തോന്നല്‍..

രാത്രി വിസിറ്റിന് ഡോക്ടര്‍ റൂമില്‍ വന്നപ്പോഴും കൂടുതലൊന്നും പറഞ്ഞില്ല. ശ്വാസതടസ്സം ഉണ്ടെങ്കില്‍ അറിയിക്കണമെന്നും അങ്ങനെയെങ്കില്‍ ഐസിയുവിലേക്ക് മാറ്റേണ്ടി വരുമെന്നും അറിയിച്ചു. അതായിരുന്നു ആദ്യത്തെ സൂചന. രാവിലെ ആദ്യ ലാബ് റിപ്പോര്‍ട്ട് കിട്ടി. ഡോക്ടര്‍ എന്നെ വിളിപ്പിച്ചു. വളരെ വിശദമായി കാര്യം പറഞ്ഞു. ആദ്യം ഒന്നു പകച്ചു പോയെങ്കിലും അധികം വൈകാതെ മനോനില വീണ്ടെടുത്തു. ആ ഹോസ്പിറ്റലില്‍ നിന്നും കുറച്ചു കൂടി സൗകര്യമുളള ഒരു ഹോസ്പിറ്റലിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇടതു ലങ്‌സില്‍ മുഴുവന്‍ ഫ്‌ലൂയിഡ് കെട്ടി ലങ്‌സ് ചുരുങ്ങി ഇരിക്കുകയായിരുന്നു. ആദ്യം ഫ്‌ലൂയിഡ് നീക്കം ചെയ്ത് അതിന്റെ കൂടെ ലങ്‌സിന്റെ ബയോപ്‌സി പരിശോധന വേണമായിരുന്നു. ഡോക്ടറിന്റെ സുഹൃത്ത് കൂടിയായ ഒരു പള്‍മനോളജിസ്റ്റിനെയായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. അതു പ്രകാരം തൊട്ടുത്ത ദിവസം തന്നെ കോയമ്പത്തൂരിലുള്ള ആശുപത്രിയില്‍ പോയി അദ്ദേഹത്തെ കാണുകയും തൊറോകോസ്‌കോപ്പി ചെയ്യുകയും ചെയ്തു. 3 ദിവസത്തിനകം ബയോപ്‌സി റിപ്പോര്‍ട്ട് വന്നു. മെറ്റാസ്റ്റാറ്റിക് അഡിനോ കാര്‍സിനോമ ലങ് സ്റ്റേജ് 4.. അവിടെ തുടങ്ങുകയായി നീണ്ട 7 വര്‍ഷത്തെ പോരാട്ടം. അടുത്തതായി കാന്‍സര്‍ എത്രത്തോളം വ്യാപിച്ചു എന്നറിയുന്നതിനുള്ള പെറ്റ്‌സ്‌കാന്‍ പരിശോധനയായിരുന്നു. അതു കോയമ്പത്തൂരിലെ ആശുപത്രിയില്‍ തന്നെ പൂര്‍ത്തിയാക്കി. 4 ദിവസത്തിനകം അതിന്റെ റിപ്പോര്‍ട്ടും കിട്ടി. അടുത്തപടി കീമോതെറാപ്പി എന്നതായിരുന്നു. കോയമ്പത്തൂരില്‍ തന്നെ വേണമെങ്കില്‍ കീമോ ചെയ്യാമെന്ന് അവിടുത്തെ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഒരു ബൈസ്റ്റാന്‍ഡര്‍ പെട്ടെന്ന് ഒരു തീരുമാനം പറയാന്‍ ബുദ്ധിമുട്ടുന്ന ആദ്യ സന്ദര്‍ഭം. പിന്നീടങ്ങോട്ട് ഇതു പോലെ എത്രയെത്ര സന്ദര്‍ഭങ്ങള്‍… അതൊരു ശീലത്തിന്റെ തുടക്കമായിരുന്നു.

പിന്നീട് ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഇതു മറ്റുള്ളരെ അറിയിക്കുക എന്നതാണ്, പ്രത്യേകിച്ച് ശ്രീജയെ. ആദ്യം വിളിച്ചത് എന്റെ മാമനെ (അമ്മയുടെ സഹോദരന്‍). കാര്യം പറഞ്ഞപ്പോള്‍ ആദ്യം പകച്ചുപോയെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചു. അടുത്ത ദിവസം ഹോസ്പിറ്റലില്‍ പോകുമ്പോള്‍ വരാമെന്നും എന്താവശ്യത്തിനും കൂടെയുണ്ടാകുമെന്നും വാക്കു തന്നു. ആ സമയത്തു മാമന്‍ കൂടെ വന്നതും സഹായിച്ചതും എന്റെ ധൈര്യം ചോര്‍ന്നുപൊകാതെ താങ്ങിനിര്‍ത്തിയതും ഈ സമയത്ത് ഓര്‍ക്കുന്നു. തുടര്‍ന്ന് ഇക്കാര്യം ചേച്ചിയെ (അമ്മയുടെ ചേച്ചിയുടെ മകള്‍) അറിയിച്ചു. അവള്‍ മംഗളൂരുവിലാണ് സകുടുംബം താമസിക്കുന്നത്. അറിയിച്ച ഉടന്‍ തന്നെ ചേച്ചിയുടെ ഭര്‍ത്താവ് തിരിച്ചുവിളിച്ചു. ശ്രീജയേയും കൂട്ടി അവിടേക്ക് ചെല്ലണമെന്നും അവിടുത്തെ പ്രശസ്തനായ ഡോക്ടറുടെ അടുത്ത് കീമോതെറാപ്പി ചെയ്തു തുടങ്ങാമെന്നും അവിടെയാകുമ്പോള്‍ എല്ലാവരും കൂടെയുണ്ടല്ലോ എന്നും സമാധാനിപ്പിച്ചു. തിരുവനന്തപുരത്തുള്ള ശ്രീജയുടെ സഹോദരനെയും വിളിച്ചു കാര്യം പറഞ്ഞു. കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുന്ന ശ്രീജ അറിയാതെയാണ് ഞാന്‍ ഈ ഫോണ്‍ കോളുകള്‍ മുഴുവന്‍ വിളിക്കുന്നത്. ഇനിയും ഈ രോഗവിവരം അവളെ അറിയിക്കാതെ മുന്നോട്ട് പോകാന്‍ പറ്റില്ല. ജീവിതത്തില്‍ ഇത്രയും ബുദ്ധിമുട്ടിയ ഒരു നിമിഷം അതിനു മുന്നേയും ശേഷവും ഉണ്ടായിട്ടില്ല. അവസാനം ഞാന്‍ ആ സത്യം അവളെ അറിയിച്ചു. ആദ്യം ഒരു പൊട്ടിക്കരച്ചില്‍. പിന്നെ മനോനില വീണ്ടെടുത്ത് അവള്‍ ചിരിച്ചുകൊണ്ട് എന്നെ സമാധാനിപ്പിക്കാന്‍ തുടങ്ങി. അന്നു രാത്രി ഞങ്ങള്‍ കോയമ്പത്തൂരില്‍ നിന്നും മംഗളൂരുവിലേക്കുള്ള ട്രെയിന്‍ കയറി.

ഒരു കാന്‍സര്‍ രോഗിക്കും അവരുടെ സഹായിക്കും കുടുംബങ്ങളുടെ പിന്തുണ തുടക്കം മുതല്‍ തന്നെ ആവശ്യമായി വന്ന ഒരു സന്ദര്‍ഭം ആണ് ഞാന്‍ മുകളില്‍ പറഞ്ഞത്. രാവിലെ തന്നെ ഡോക്ടറെ കണ്ടു. ഉച്ചയ്ക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. രാത്രി തന്നെ കീമോതെറപ്പി സ്റ്റാര്‍ട്ട് ചെയ്തു. പിറ്റേദിവസം രാവിലെ ഡോക്ടര്‍ വന്നു കണ്ടു. ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്തു. അന്ന് ചേച്ചിയുടെ വീട്ടില്‍ തങ്ങി തൊട്ടടുത്ത ദിവസം എന്റെ ജോലി സ്ഥലമായ മലപ്പുറത്തേക്കു മടങ്ങി. 2012 ഡിസംബര്‍ 24ന് ആണ് ആദ്യ കീമോ തുടങ്ങിയത്. അന്ന് ഹോസ്പിറ്റലില്‍ ഭയങ്കര ആഘോഷമായിരുന്നു. ക്രിസ്തുസ് പാപ്പ വന്ന് ക്രിസ്തുമസ് ആശംസ നേര്‍ന്നതും മിഠായി വിതരണം ചെയ്തതും ഇന്നലെത്തേപ്പാലെ ഓര്‍ക്കുന്നു. മൂന്നാഴ്ചയില്‍ ഒരിക്കല്‍ എന്നതായിരുന്നു ചികില്‍സ. അങ്ങനെ 6 കീമോ തെറാപ്പികള്‍ കഴിഞ്ഞപ്പോള്‍ അസുഖം സ്റ്റേബിള്‍ ആയി തുടരുന്നതു കാരണം കീമോതെറാപ്പി തുടരാനായിരുന്നു തീരുമാനം.

2013 മെയ് മാസം മോളുടെ സ്‌കൂളവധിക്കാലത്ത് ഞങ്ങള്‍ ശ്രീജയുടെ നാടായ തിരുവനന്തപുരത്തേക്ക് വന്നു. ആ ദിവസങ്ങളില്‍ ഒന്നില്‍ അതിയായ പുറം വേദന വരികയും ഡോക്ടറെ കണ്ടു മരുന്നു കഴിക്കേണ്ടി വരികയും ചെയ്തു. അങ്ങിനെയാണ് തിരുവനന്തപുരത്തു തന്നെ കീമോതെറാപ്പി തുടരുന്നതിനെക്കുറിച്ച് ആലോചിച്ചത്. തിരുവനന്തപുരം ആര്‍സിസിയില്‍ പോയി റജിസ്റ്റര്‍ ചെയ്ത് അവിടുത്തെ ഡോക്ടറ്!മാറുടെ കീഴില്‍ ചികില്‍സ ആരംഭിക്കുകയും ചെയ്തു. അങ്ങനെ നീണ്ട 5 വര്‍ഷക്കാലം എല്ലാ മൂന്നാഴ്ചയും ഇടവിട്ട് കീമോതെറാപ്പി ചെയ്തുകൊണ്ടിരുന്നു. മൂന്നു മാസം ഇടവിട്ട് സ്‌കാനിങ്ങും പതിവായിരുന്നു.
ഈ കീമോ ചെയ്യുന്ന 5 വര്‍ഷക്കാലവും സാധാരണ ഒരു ജീവീതം തന്നെയായിരുന്നു ഞങ്ങളുടേത്. മൂന്നാഴ്ച കൂടുമ്പോള്‍ കീമോ ചെയ്യാന്‍ പോകും. ഡോക്ടറെ കണ്ടു മരുന്നു വാങ്ങി കീമോ വാര്‍ഡില്‍ എത്തുമ്പോഴേക്ക് അവിടെ ഫുള്‍ ആയിട്ടുണ്ടാകും. മിക്കവാറും ഉച്ചകഴിഞ്ഞ് വരാനായിരിക്കും അവര്‍ പറയുന്നത്. ആ സമയം പുറത്തു പോയി അവള്‍ക്ക് ഇഷ്ടപ്പെട്ട മട്ടന്‍ റോസ്റ്റ് കഴിക്കും. അതൊക്കെ കഴിഞ്ഞ് ഞങ്ങള്‍ ഹോസ്പിറ്റലില്‍ തിരിച്ചെത്തുമ്പോഴേക്കും ഞങ്ങളുടെ ഊഴമെത്തിയിട്ടുണ്ടാകും.

എല്ലാ മൂന്നു മാസം കൂടുമ്പോഴും സി.ടി. സ്‌കാന്‍ ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നല്ലോ. ഓരോ തവണ സ്‌കാനിന്റെ ഡേറ്റ് അടുക്കുമ്പോഴും റിപ്പോര്‍ട്ട് വാങ്ങിക്കുന്നവരെയും എനിക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. അത് ശ്രീജയ്ക്കും അറിയാമായിരുന്നു. പക്ഷേ അവള്‍ ചിരിച്ചുകൊണ്ടിരിക്കും.റിപ്പോര്‍ട്ടിന്റെ അവസാന ഭാഗം സ്റ്റേബിള്‍ ഡിസീസ് എന്നു കാണുമ്പോള്‍ പോലും ഈ ലോകം വെട്ടിപിടിച്ച സന്തോഷമായിരുന്നു എനിക്ക്. അങ്ങനെ 2017 ഏപ്രില്‍ മാസത്തെ റിപ്പോര്‍ട്ട് വന്നപ്പോഴായിരുന്നു ഞാന്‍ പേടിച്ച കാര്യങ്ങള്‍! സംഭവിച്ചത്. രോഗം ശരിക്കും അതിന്റെ ഭീകരത പുറത്തെടുത്തു തുടങ്ങി എന്നു തന്നെ പറയാം. പിടിമുറുക്കിയ പുതിയ മേഖല സ്‌പൈനിലായിരുന്നു. ഇനി റേഡിയേഷന്‍ ചെയ്യണം. കീമോ കൊണ്ടു ഇനി കാര്യമില്ല. അതുവരെ ഉള്ളില്‍ അലയടിച്ച സങ്കടത്തിര അന്നു പുറത്തേക്ക് ഒഴുകി. വീട്ടില്‍ വന്ന് വാതിലടച്ച് മോളു കാണാതെ ഞാനും അവളും കരഞ്ഞു. അതു കഴിഞ്ഞ് വീണ്ടും പരസ്പരം സമാധാനിപ്പിക്കാന്‍ തുടങ്ങി.റേഡിയേഷന്‍ രാവിലെ 8 മണിക്കായിരുന്നു. അതു കഴിഞ്ഞു വരുന്ന വഴി ആര്യാസില്‍ കയറി മസാല ദോശയും രസവടയും കഴിക്കാനായിരുന്നു അവളുടെ ആഗ്രഹം. റേഡിയേഷന്‍ കഴിഞ്ഞ ശേഷവും ആ ശീലം ഞങ്ങള്‍ കുറേ നാള്‍ തുടര്‍ന്നു. റേഡിയേഷനെന്നാല്‍ അങ്ങനെ മസാല ദോശയും രസവടയും എന്നായി എന്നു വേണമെങ്കില്‍ തമാശ പറയാം…

പുതിയ കീമോ തെറാപ്പി തുടങ്ങേണ്ട സമയമായി. പക്ഷേ, അതു ഞങ്ങള്‍ ഇത്രയും നാള്‍ ചെയ്തതുപോലെ അത്ര പാവത്താന്‍ ആയിരുന്നില്ല. ബ്ലഡ് കൗണ്ട്, ഹീമോ ഗ്ലോബിന്‍ എന്നിവ പലപ്പോഴും കുറഞ്ഞു, കീമോ മാറ്റിവയ്‌ക്കേണ്ടി വന്നു. 6 ഡോസില്‍ കൂടുതല്‍ ആ മരുന്ന് തുടരാന്‍ പറ്റിലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാത്രമല്ല അപ്പോഴേക്കും അസുഖം അതിന്റെ രൗദ്ര ഭാവങ്ങള്‍ പുറത്തെടുക്കാന്‍ തുടങ്ങിയിരുന്നു. ഇനിയും ചികില്‍സ തുടരാന്‍ പറ്റാത്ത അവസ്ഥ. കാരണം ഇതു പോലെ ഒരു രോഗിക്ക് ഉപയോഗിക്കാനുള്ള മരുന്നുകളെല്ലാം അതിനകം ഉപയോഗിച്ച് കഴിഞ്ഞിരുന്നു. ഇനിയും ചികില്‍ തുടരണമെങ്കില്‍ പുതിയ എന്തെങ്കിലും മരുന്നു കണ്ടുപിടിക്കണം എന്ന അവസ്ഥ. സ്വന്തം അസുഖത്തിന് ഇനി മരുന്നില്ലെന്ന് രോഗി അറിയേണ്ടി വരുന്ന ഭീകരാവസ്ഥ!അങ്ങനെ കീമോ ഇല്ലാതെ 3–4 മാസങ്ങള്‍ മുന്നോട്ട് പോയി. ഒരു ഓറല്‍ കീമോതെറപ്പി ടാബ്‌ലറ്റ് ആ സമയത്തു കഴിക്കുന്നുണ്ടായിരുന്നു. ഗുണമില്ലെന്നു അറിഞ്ഞുകൊണ്ടുതന്നെ രോഗിയെ സമാധാനിപ്പിക്കാന്‍ ഡോക്ടര്‍ കാണിച്ച ഒരു പൊടികൈ… 2018 ഏപ്രിലാണ് ഏറ്റവും നിര്‍ണായക കാലഘട്ടം ആരംഭിക്കുന്നത്. ഏപ്രിലില്‍ ചെയ്ത തലയുടെ എംആര്‍ഐയിലാണ് അസുഖം തലയോട്ടിയെ ബാധിച്ചതറിഞ്ഞത്. ചെറിയ ഒരു തലവേദനയായിരുന്നു തുടക്കം. റേഡിയേഷന്‍ കൊടുക്കുകയല്ലാതെ വെറേ വഴിയില്ല. റേഡിയേഷനു ശേഷം രണ്ടു വര്‍ഷത്തോളം ജീവിച്ചെങ്കിലും അതില്‍ ഒന്നര വര്‍ഷക്കാലവും പരസഹായം ആവശ്യമായിരുന്നു.

ഡോക്ടര്‍മാര്‍ ഒരുപരിധി വരെ കൈയൊഴിഞ്ഞെങ്കിലും അങ്ങനെ വിട്ടുകൊടുക്കാന്‍ എനിക്ക് മനസ്സു വന്നില്ല. എനിക്കൊരല്‍പം സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ കാന്‍സറിനെ കുറിച്ച് മാത്രമായിരുന്നു തിരഞ്ഞിരുന്നത്. അങ്ങനെ കാന്‍സര്‍ ചികില്‍സയിലെ ഏറ്റവും പുതിയ രീതിയായ ഇമ്മ്യൂണോ തെറാപ്പിയെ കുറിച്ചും ഞാന്‍ മനസ്സിലാക്കി. ആ ചികില്‍സ അപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. അതിനിടയിലാണ് നമ്മുടെ പ്രിയപ്പെട്ട നടി മമതാ മോഹന്‍ദാസിനെ കുറിച്ചുള്ള ഒരു ലേഘനം വായിക്കാനിടയായത്. രണ്ടു തവണ ബോണ്‍മാരോ ചെയ്ത് പരാ!ജയപ്പെട്ട അവര്‍ കാനഡയില്‍ ചികില്‍സയില്‍ ആയിരുന്നു. ഇമ്മ്യൂണോ തെറാപ്പിയില്‍ കൂടിയാണ് അവര്‍ ജിവിതത്തിലേക്കും തിരികെ വന്നതെന്നും ഈ മെഡിസിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്ത ആദ്യത്തെ ഏഷ്യക്കാരിയാണെന്നും മനസ്സിലാക്കി. ഇതിനിടെ ശ്വാസകോശാര്‍ബുദത്തിന് ഇമ്മ്യൂണോ തെറാപ്പി ഡ്രഗായ നിവോലുമാബ് ഉപയോഗിക്കാമെന്ന് FDA യുടെ അനുമതി ലഭിച്ചിരുന്നു.. ഇതേ സമയം ചികില്‍സ നടത്തിക്കൊണ്ടിരുന്ന ആര്‍.സി.സി യിലെ ഡോക്ടറും ഇതേക്കുറിച്ച് സംസാരിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ ആ ആശുപത്രിയില്‍ ഇമ്മ്യൂണോതെറാപ്പി ചികില്‍സ തുടരാന്‍ സാധിച്ചില്ല. അങ്ങനെ തിരുവനന്തപുരത്തെ ഒരു പ്രശസ്ത ആശുപത്രിയിലെ ഡോക്ടറെ കണ്ടു സംസാരിച്ചു. ഏറെ പ്രതീക്ഷയോടെ ഇമ്മ്യൂണോതെറാപ്പി ചികില്‍സ ആ ആശുപത്രിയില്‍ തുടങ്ങാന്‍ ധാരണയായി. 2018 ഒക്ടോബറില്‍ ചികില്‍സ ആരംഭിച്ചു. ഒരു പാട് ദൂഷ്യവശങ്ങളുള്ള വളരെയധികം പണചിലവുള്ള ചികില്‍സയാണെന്ന് അറിഞ്ഞിട്ടും അതു അവള്‍ക്ക് ലഭ്യമാക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതു ചെയ്യുന്ന 40% ആള്‍ക്കാര്‍ക്ക് കിട്ടുന്ന പ്രയോജനം വളരെ കൂടുതലായിരുന്നു. ഈ ചികില്‍സ കൊണ്ടു അവളുടെ അസുഖത്തെ പിടിച്ചുകെട്ടാന്‍ സാധിക്കില്ല എന്നു മനസ്സിലാക്കി ആ ചികില്‍സയും 4 മാസത്തിനുള്ളില്‍ നിര്‍ത്തേണ്ടി വന്നു.

ഇതിനിടയില്‍ 2018 ഡിസംബര്‍ 23ന് ഞങ്ങളുടെ 12–ാം വിവാഹ വാര്‍ഷികം ആയിരുന്നു. അവള്‍ കുറച്ചധികം ക്ഷീണിതയായിരുന്നു. ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിച്ചിരുന്നു. എന്നാലും അത് വലിയ ഒരു ആപത്തിന്റെ മുന്നോടിയാണെന്നു എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. വൈകിട്ട് ഞാനും മകളും കൂടി പുതിയ ഡ്രസൊക്കെ ഇടീച്ച് കേക്ക് മുറിച്ചു. രാത്രി ഭക്ഷണവും കഴിച്ചു കിടന്നു.. സാധാരണ രാത്രി 2 തവണ ബാത് റൂമില്‍ പോകാന്‍ വിളിക്കും. !ഞാന്‍ ഒരുറക്കം കഴിഞ്ഞ് എഴുന്നേറ്റ് നോക്കുമ്പോള്‍ അവള്‍ നല്ല ഉറക്കം. എന്തോ ഒരു പന്തി കേട് തോന്നി വിളിച്ചപ്പോള്‍ അനക്കമില്ല. ഉടന്‍ തന്നെ അപ്പോള്‍ ചികില്‍സ നടത്തുന്ന സ്വകാര്യ ആശുപത്രിയിയില്‍ എത്തിച്ചു. അസുഖം പിടിമുറുക്കുന്നതിന്റെ ലക്ഷണങ്ങളായിരുന്നു അതൊക്കെ. ആദ്യത്തെ 7–8 ദിവസം കോമ സ്റ്റേജില്‍. ഓരോ ദിവസും രാവിലെ ഇന്നെങ്കിലും ഞാന്‍ വിളിക്കുമ്പോള്‍ കണ്ണു തുറക്കണേ എന്നു മാത്രമായിരുന്നു പ്രാര്‍ഥന. ഇനിയൊരു തിരിച്ചു വരവു ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാരും വിധിയെഴുതി. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 9–ാമത്തെ ദിവസം അവള്‍ കണ്ണു തുറന്നു. തൊട്ടടുത്ത ദിവസം ചെറുതായി സംസാരിച്ചു തുടങ്ങി. അതിന്നടുത്ത ദിവസം െഎ.സി.യു വില്‍ കിടക്കേണ്ടന്നു ബഹളംവച്ച് റൂമിലേക്ക് മാറി. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോകുന്ന ദിവസം വീല്‍ചെയറില്‍ താഴെ വന്ന് സ്വയം എഴുനേറ്റ് വണ്ടിയില്‍ കയറി. പക്ഷേ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. ആശുപത്രിവാസം ഒരു തുടര്‍ക്കഥയായി. മിക്കവാറും ഒരുമാസത്തില്‍ 10 ദിവസം ആശുപത്രിയില്‍ എന്നായി കണക്ക്. ഓര്‍മക്കുറവ്, കൈകാലുകള്‍ക്ക് ബലക്ഷയം, രുചിക്കുറവ് തുടങ്ങി കുറേ ബുദ്ധിമുട്ടുകള്‍ കൂടെക്കൂടി.

2019 ഏപ്രില്‍ മാസം തലവേദന വീണ്ടും തുടങ്ങി. ഒരു തവണ ഹോള്‍ ബ്രെയിന്‍ റേഡിയേഷന്‍ ചെയ്തിട്ടുണ്ടായിരുന്നത് കാരണം വീണ്ടും ഒരു റേഡിയേഷന്‍ ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൈബര്‍നൈഫ് എന്ന ഒരു ചികിത്സ തുടങ്ങിയ കാര്യം ഓര്‍മ്മ വന്നത്. ആ ചികില്‍സകൊണ്ട് വല്ല കാര്യവും ഉണ്ടാകുമോന്ന് അറിയാന്‍ അടുത്ത ദിവസം ഞാന്‍ റിപ്പോര്‍ട്ടുകളുമായി അമൃത ഹോസ്പിറ്റലിലെത്തി. അസുഖം കുറേയെധികം പടര്‍ന്നു പോയതിനാല്‍ സൈബര്‍നൈഫ് ചികില്‍സ സാധ്യമായിരുന്നില്ല. എങ്കിലും ശ്രീജയെയും കൂട്ടി വരാന്‍ അവിടത്തെ റേഡിയേഷന്‍ ഓങ്കോളജി ഹെഡ് പറയുകയും ടോമോതെറാപ്പി എന്ന ചികില്‍സ ചെറിയ ഡോസില്‍ ചെയ്യാമെന്ന് പറയുകയും ചെയ്തു. അവിടുത്തെ ഗസ്റ്റ് ഹൗസില്‍ താമസിച്ച് ചികില്‍സ ആരംഭിച്ചെങ്കിലും ആ ഡോസ് മുഴുമിപ്പിക്കാനായില്ല. അങ്ങനെ അവിടെ കുറച്ചു ദിവസം ചികില്‍സയ്ക്ക് ശേഷം ഞങ്ങള്‍ വീണ്ടും വീട്ടിലേക്ക് മടങ്ങി. വീട്ടില്‍ വന്ന് കുറച്ചുദിവസത്തിനകം അവള്‍ വീണ്ടും ചെറുതായി എഴുനേറ്റു നില്‍ക്കാനും ഒരാളുടെ സഹായത്തോടെ നടക്കാനുമൊക്കെ തുടങ്ങി. എല്ലാ ദിവസം ഫിസിയോതെറാപ്പിസ്റ്റ് വീട്ടില്‍ വന്ന് രാവിലെ കുറച്ചു ദൂരം നടത്തിക്കാനും ചെറിയ വ്യായാമങ്ങള്‍ ചെയ്യാനും തുടങ്ങി. 3–4 മാസം വലിയ കുഴപ്പമില്ലാതെ പോയി. വീണ്ടും ബ്രെയിനില്‍ നീര്‍ക്കെട്ട് ഉണ്ടാകാന്‍ തുടങ്ങി. ആ സമയത്ത് കൈകാലുകള്‍ക്ക് ബലക്കുറവ് അനുഭവപ്പെടുകയും ഓര്‍മ്മക്കുറവും സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് അനുഭപ്പെടുകയും പതിവായി. ആശുപത്രിയില്‍ ചെന്ന് ഒരാഴ്ച ചികില്‍സ തേടുമ്പോള്‍ ബുദ്ധിമുട്ടുകള്‍ കുറഞ്ഞു വരുമെങ്കിലും എല്ലാ മാസവും അതു പതിവായിരുന്നു. എങ്കിലും 2020 ഫെബ്രുവരി മാസം വരെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു പോകുകയായിരുന്നു.

അത്രയും നാള്‍ എന്റെ കാറില്‍ ആശുപത്രിയില്‍ കൊണ്ടുപോയ ആളിനെ പിന്നീട് ആംബുലന്‍സ് വിളിച്ച് കൊണ്ടുപോകേണ്ടി വന്നു. പിന്നീടങ്ങോട്ട് തളര്‍ച്ചയായിരുന്നു. ഒരോ തവണത്തേയും പോലെ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ അവള്‍ തിരിച്ചുവരും എന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. ഏഴര വര്‍ഷത്തെ കാന്‍സര്‍ ട്രീറ്റ്‌മെന്റില്‍ അവസാനത്തെ ഒരു മാസം മാത്രമാണ് അവള്‍ പൂര്‍ണമായും ബെഡില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നത്. ശ്വാസകോശാര്‍ബുദമാണെന്ന് സ്ഥിരീകരിച്ച 2012 നവംബര്‍ മുതല്‍ ഡോക്ടര്‍മാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു….ശ്വാസ തടസ്സമുണ്ടോ എന്നത്. ഞാനും അന്നു തൊട്ടു ഏറ്റവും ഭയപ്പെട്ടിരുന്ന ഒരു സാഹചര്യം അതായിരുന്നു ഇത്. പക്ഷെ അവസാനത്തെ 4 ദിവസം മാത്രമാണ് ശ്വാസം എടുക്കുന്നതില്‍ നേരിയ ബുദ്ധിമുട്ട് നേരിട്ടത്….. അസുഖ കാലങ്ങളില്‍ മൊബൈലായിരുന്നു ഏറ്റവും വലിയ കൂട്ട്. പാട്ടുകേള്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്നു. മരണത്തിന് ഒരു മാസം മുന്നേ വരെയും കാലത്ത് ഉണര്‍ന്ന് എന്നെയും മകളെയും വിളിച്ചുണര്‍ത്തുക, മകളുടെ മുടി മെടഞ്ഞിട്ടുകൊടുക്കുക, സമയത്ത് ട്യൂഷന് പറഞ്ഞുവിടുക തുടങ്ങി അവള്‍ക്ക് പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അവള്‍ ഗൂഗിളില്‍ അവളുടെ അസുഖത്തെ കുറിച്ച് തിരഞ്ഞില്ല…

കീമോയുടെ ഇടവേളകളില്‍ ഞങ്ങള്‍ സിനിമക്ക് പോകാറുണ്ടായിരുന്നു, വരയ്ക്കാന്‍ താല്‍പര്യമായിരുന്നു…. യാത്രകള്‍ ഒരു പാട് ഇഷ്ടമായിരുന്നു. ആ ഇഷ്ടങ്ങള്‍ ഞങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്തിയില്ല. കാട്ടിനകത്തുകൂടി 2 കിലോമീറ്ററിലധികം ദൂരത്തേക്ക് മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്ക് മോളുടെ കൂടെയുള്ള ട്രെക്കിംഗ്… രാമേശ്വരത്തെ സൂര്യാസ്തമന കാഴ്ചകള്‍…ബിച്ചുകള്‍…അങ്ങിനെ പലതും… ട്രീറ്റ്‌മെന്റിനൊപ്പം ഞങ്ങള്‍ ജീവിക്കുകയായിരുന്നു. പ്രതീക്ഷയോടെ തളരാതെ.. കാന്‍സര്‍ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ഇനിയൊരു ജീവിതം ഇല്ല എന്ന ചിന്തയാല്‍ ഭക്ഷണം കഴിക്കാതെയും മറ്റുള്ളവരെ അഭിമുഖീകരിക്കാതെയും നേരായ ചികില്‍സ എടുക്കാതെയും (അതില്‍ പലരും രണ്ടാമത്തെയും മൂന്നാമത്തേയും സ്റ്റേജില്‍ പൂര്‍ണമായും ചികില്‍സിച്ചു മാറ്റാന്‍ സാധിക്കുമായിരുന്നവരോ അല്ലെങ്കില്‍ ചികില്‍സയില്‍ കൂടി ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടവരോ ആയിരുന്നു) മരണപ്പെടുന്നതും ഈ യാത്രയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.കാന്‍സര്‍ എന്നത് ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത അസുഖമാണെന്ന പേടി ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. കാന്‍സര്‍ വന്നാല്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടണം എന്ന് ചിന്തിക്കുന്നതാണ് തെറ്റ്…. പോരാടണം… ധൈര്യത്തോടെ ജിവിക്കണം… എല്ലാ ഇഷ്ടങ്ങളും നടത്തിത്തന്നെ….. കൂടെ ഉണ്ടാവണം എല്ലാവരും.. ഇതു വായിച്ച് ഒരാളെങ്കിലും മാറിച്ചിന്തിക്കട്ടെയെന്നു ആഗ്രഹിക്കുന്നു..

അവസാന നാളുകളില്‍ ഇനി രക്ഷയില്ലെന്നു വിധിയെഴുതുന്ന ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തുന്ന, അതിശയിപ്പിക്കുന്ന തരത്തില്‍ അവള്‍ ഉണര്‍ന്നു വരാറുണ്ടായിരുന്നു…പക്ഷേ, വിധിയുടെ വരയെ നമുക്ക് മാറ്റിവരയ്ക്കാന്‍ കഴിയില്ലല്ലോ.. 2020 ഏപ്രില്‍ 2ന് പുലര്‍ച്ചെ എന്റെ ശ്രീജ ഈ ലോകത്തോടു വിട പറഞ്ഞു. വളരെ ധീരതയോടെ കാന്‍സറിനെ നേരിട്ട്… ഇത്രയും കാലത്തെ പോരാട്ടത്തില്‍ എനിക്ക് കരുത്തേകിയ പലരുണ്ട്, പേരുകളില്‍ ഒതുക്കാതെ അവരയെല്ലാം മനസ്സില്‍ ചേര്‍ത്തുവച്ച്… ഹൃദയത്തില്‍ തൊട്ട്… സ്‌നേഹത്തോടെ …പ്രാര്‍ഥനകളോടെ സ്മരിക്കുന്നു…. എങ്കിലും രണ്ടമ്മമാരുടെ സമാനതകളില്ലാത്ത സമര്‍പ്പണം എടുത്തുപറഞ്ഞില്ലെങ്കില്‍ ഈ കുറിപ്പ് പൂര്‍ണമാകില്ല…എന്റെ അമ്മയും ശ്രീജയുടെ അമ്മയും…. കഴിഞ്ഞ ഏഴരവര്‍ഷക്കാലം ഞങ്ങള്‍ക്കു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. വാശിപിടിക്കുന്ന, അനുസരണക്കേട് കാട്ടുന്ന കൊച്ചുകുട്ടിയെ പരിചരിക്കുന്ന പോലെ അവര്‍ ശ്രീജയെ കൈവെള്ളയില്‍ കൊണ്ടുനടന്നു, ഇഷ്ടമുള്ള വാക്കുകള്‍ കൊണ്ടും ഭക്ഷണം നല്‍കിയും സ്‌നേഹസാന്നിധ്യമായിരുന്നു രണ്ടമ്മമാരും. ഈ ദുരിതങ്ങളുടെ കുത്തൊഴുക്കില്‍ ‘ബാല്യം നഷ്ടപ്പെട്ടുപോയ’, വേണ്ടവിധം പരിഗണന കിട്ടാതെ പോയ എന്റെ മോളുടെ കാര്യവും ഇവിടെ പറയാതിരിക്കാന്‍ പറ്റില്ല. അച്ഛനമ്മമാരുടെ കയ്യില്‍ത്തൂങ്ങിനടന്ന് ആഘോഷമാക്കി വളരേണ്ട കുഞ്ഞുകാലം അവള്‍ക്ക് പലപ്പോഴും മാറ്റിനിര്‍ത്തലുകളുടേതായി തോന്നിയിട്ടുണ്ടാകാം, എന്നാലും എല്ലാം കണ്ടറിഞ്ഞ്, അവള്‍ പക്വത കാണിച്ചു. ഇക്കാലമത്രയും മോള്‍ ഇക്കാര്യം എന്നോടു ചോദിക്കുക പോലുമുണ്ടായില്ല..ഒരു കണക്കിനു അതു നന്നായി… അവള്‍ക്കറിയാം ഒരുപാട് കണ്ണുകള്‍ നിറഞ്ഞുതുളുമ്പുമെന്ന്…