ഇഡി ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടിയ നടപടി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി. ഇഡി ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടി നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. കാലാവധി നീട്ടി നല്‍കിയത് 2021ലെ വിധിയുടെ ലംഘനമാണെന്നാണ് സുപ്രീംകോടതി പറഞ്ഞു. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്നും നിലവിലെ ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് 31വരെ തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു.

ഇഡി ഡയറക്ടറായി 2018ലാണ് മിശ്ര എത്തുന്നത്. രണ്ട് വര്‍ഷത്തെ നിയമനമായിരുന്നു. പിന്നീട് പലതവണ കാലാവധി നീട്ടി നല്‍കുകയായിരുന്നു. തുടര്‍ന്ന് 2021ല്‍ സെപ്റ്റംബറില്‍ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.എന്നാല്‍ നവംബറില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിയമത്തില്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി കൊണ്ടുവരുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

തുടര്‍ന്ന് പുതിയ ഭേദഗതിയില്‍ അഞ്ച് വര്‍ഷം വരെ കാലാവധി നീട്ടാന്‍ സാധിക്കും. അതേസമയം സര്‍ക്കാരിന്റെ ഭേദഗതി നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിജിലന്‍സ് കമ്മീഷന്‍ നിയമത്തിലും ഡല്‍ഹി സ്‌പെഷല്‍ പോലീസ് നിയമത്തിലും വരുത്തിയ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.