മോൻസണെതിരെ പീഡന പരാതി നൽകിയ യുവതിയുടെ പേര് വെളിപ്പെടുത്തി, അനിത പുല്ലയിലിനെ ചോദ്യം ചെയ്തു

മോൻസൻ മാവുങ്കലിനെതിരെ ബലാത്സം​ഗ പരാതി നൽകിയ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളം ക്രൈം ബ്രാഞ്ച് ഓഫീസിൽ ആയിരുന്നു ചോദ്യം ചെയ്യൽ. പരാതിക്കാരിയുടെ പേര് സമൂഹ മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും വെളിപ്പെടുത്തിയെന്നാണ് കേസ്. ബലാത്സംഗക്കേസിലെ പരാതിക്കാരിയാണെന്ന് അറിയാതെയാണ് പേര് പറഞ്ഞതെന്നാണ് അനിത പുല്ലയിൽ പറയുന്നത്.

മൊഴി പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ചോദ്യം ചെയ്ത ശേഷം അനിതയെ വിട്ടയച്ചു. മോൻസൺ തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും വൈറ്റമിൻ ടാബ്ലെറ്റ് എന്ന പേരിൽ മരുന്ന് നൽകി ഗർഭച്ഛിദ്രം നടത്തിയെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

അതേ സമയം പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളി വനിത അനിത പുല്ലയിൽ ലോക കേരള സഭ വേദിയിലെത്തിയത് വിവാദത്തിൽ. നിയമസഭ സമുച്ചയത്തിൽ പരിപാടിയുടെ സമാപന ചടങ്ങിലേക്കാണ് വൈകിട്ടോടെ അനിത എത്തിയത്. ഇറ്റലിയിൽ സ്ഥിര താമസക്കാരിയായ ഇവരെ തിരിച്ചറിഞ്ഞ ദൃശ്യ മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്‌തു. അപകടം മണത്ത സംഘാടകർ ഇതോടെ നിയമസഭയിലെ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് ഇവരെ നിയമസഭ സമുച്ചയത്തിൽ നിന്നും പുറത്താക്കി. ഇവരുടെ പേര് ലോക കേരളസഭ അതിഥികളുടെ പട്ടികയിലില്ലായിരുന്നു. ഇക്കാരണത്താൽ പുറത്തുപോകണമെന്ന് ഇവരോട് വാച്ച് ആൻഡ് വാർഡ് നിർദേശിച്ചു. പിന്നാലെ, അവർ നിയമസഭ മന്ദിരം വിട്ടു.