കേരളത്തിലും ഭീകരർ:കൊച്ചിയിൽ കേന്ദ്ര – സംസ്ഥാന സുരക്ഷാ ഏജൻസികളുടെ അടിയന്തര യോഗം

കൊച്ചി. കോയമ്പത്തൂർ, മംഗളുരു എന്നിവിടങ്ങളിൽ നടന്ന ഭീകരരുടെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് കേരള ബന്ധങ്ങളുടെ സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ഉന്നതരുടെ സംയുക്ത അടിയന്തര യോഗം കൊച്ചിയിൽ വിളിച്ചു. ചൊവ്വാഴ്‌ചയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് യോഗം വിളിച്ചിരിക്കുന്നത്. റോ ഉൾപ്പടെയുള്ള ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും എന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്.

കോയമ്പത്തൂർ , മംഗളുരു സ്പോടനകൾക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ കേരളത്തിലുള്ള ബന്ധങ്ങൾ സംസ്ഥാനത്ത് തീവ്ര വാദ സാന്നിധ്യം സ്ഥിരീകരിക്കുന്നവയാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഗൗരവമായ നടപടികൾ സ്വീകരിക്കാത്തതിൽ നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. പോപ്പുലർ ഫ്രണ്ട് ഉൾപ്പടെയുള്ള തീവ്രവാദ സംഘടനകൾ കേന്ദ്രം നിരോധിച്ച ശേഷം പോലും അവരോടു തണുപ്പൻ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നത്.

കോയമ്പത്തൂരിലും മംഗളൂരുവിലും സ്ഫോടനങ്ങൾ നടന്ന പശ്ചാത്തലത്തിൽ സുരക്ഷ വിലയിരുത്തുന്നതിനും മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്യും. കോയമ്പത്തൂരിനു പിന്നാലെ മംഗളൂരുവിലുണ്ടായ സ്ഫോടനം സുരക്ഷാ ഏജൻസികളിൽ ആശങ്ക ഉയർത്തിയിരിക്കുന്നത്. മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം നടത്തിയ വ്യക്തിയെക്കുറിച്ചു നടത്തിയ അന്വേഷണത്തിൽ, ഇയാൾ കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി തവണ കേരളം സന്ദർശിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ തീവ്രവാദ സ്വഭാവമുള്ള ബന്ധങ്ങളും ഏജൻസികൾ ഗൗരവമായാണ് എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ വേണ്ട മുൻകരുതലുകൾ യോഗത്തിൽ ചെയ്യുന്നുണ്ട്.

മംഗളൂരു കങ്കനാടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സ്ഫോടനമുണ്ടാകുന്നത്. ശിവമോഗ സ്വദേശി ഷാരിക്ക് ആണ് സ്ഫോടനത്തിനു പിന്നിലെന്ന് അന്വേഷണ സംഘം തിരിച്ചറിയുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിച്ച ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതും യോഗത്തിന്റെ ലക്ഷ്യമാണ്. ഭീകര ബന്ധമുള്ളവർക്ക് പിന്നാലെ മാസങ്ങളായുള്ള ഏജൻസികളുടെ അന്വേഷണം തുടരുന്നതിനിടെയാണ് യോഗം എന്നതും നിർണായകമാണ്.

യുഎപിഎ കേസുകളിൽ ഉൾപെട്ടവരെയും അവരുമായി ബന്ധപ്പെടുന്നവരെയും കുറിച്ച് ഏജൻസികൾ അന്വേഷണം നടത്തുന്നു. യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലായ ശേഷം പുറത്തിറങ്ങിയവരെയും ചോദ്യം ചെയ്യുകയാണ്. ശിക്ഷാ കാലാവധി പൂർത്തിയാക്കി ഇറങ്ങിയവരിൽ പലരെയും ഇതിനകം എടിഎസ് ചോദ്യം ചെയ്തിട്ടുണ്ട്. തീവ്രസ്വഭാവമുള്ള സംഘടനകളെയും വ്യക്തികളെയും ഏജൻസികൾ നിരീക്ഷിക്കുകയാണ്.