അമ്മയ്ക്ക് കാന്‍സര്‍, പശുവിനെ വളര്‍ത്തി കുടുംബം നോക്കി, ഒപ്പം പഠനവും, ടെസ്സ നേടിയത് മൂന്നാം റാങ്ക്

ജീവിത പ്രതിസന്ധികളില്‍ തകര്‍ന്ന് പോകുന്നവരുണ്ട്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് കണ്ണൂര്‍ സര്‍വകലാശാലയുടെ എംഎസ്ഡബ്ല്യു പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ വിജയ കഥയാണ് ടെസ്സ ജോയ്ക്ക് പറയുനുള്ളത്. അനുകൂല സാഹചര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ടെസ്സ പഠിച്ചു വിജയിച്ചു. അതും റാങ്കോടെ. പരിയാരം സ്വദേശി ജോയ്-ആലീസ് ദമ്പതികളുടെ മളാണ് ടെസ്സ. പകല്‍ മുഴുവന്‍ കാന്‍സര്‍ ബാധിച്ച അമ്മയെ പരിചരിക്കുകയും രാത്രി അച്ഛനൊപ്പം ഉപജീവനത്തിനായി മതില്‍ കെട്ടുന്ന പണിക്ക് പോവുകയും ചെയ്യും. ഇതിനിടെ ലഭിക്കുന്ന ചെറിയ ഇടവേളകളില്‍ പഠിച്ചു.

ടെസ്സയുടെ അമ്മയ്ക്ക് 12 വര്‍ഷം മുമ്പാണ് തലയില്‍ ടൂമര്‍ ബാധിക്കുന്നത്. അതുവരെ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ മുടക്കി ആലീസിനെ ജോയിയും ടെസ്സയും ചികിത്സിച്ചു. എട്ടര ഏക്കര്‍ സ്ഥലമുണ്ടായിരുന്നത് ചികിത്സയ്ക്കായി വിറ്റ് ഇപ്പോള്‍ പത്ത് സെന്റാണുള്ളത്. ആലീസിന് അഞ്ചില്‍ അധികം ശസ്ത്രക്രിയകള്‍ നടത്തി. എന്നാല്‍ ഇപ്പോഴും കട്ടിലില്‍ നിന്നും അനങ്ങാന്‍ ആവാത്ത അവസ്ഥയിലാണ്.

പകല്‍ അമ്മയെ പരിചരിക്കുന്നതും വീട്ടു ജോലികള്‍ ചെയ്യുന്നതും ടെസ്സയും അനുജത്തിയുമാണ്. ഇതിനിടെ വീട്ടിലെ നാല് പശുക്കളുടെ കാര്യം നോക്കുന്നതും ടെസ്സയാണ്. വീട്ടിലെ ജോലികള്‍ മുഴുവന്‍ തീര്‍ത്തതിന് ശേഷമാണ് അച്ഛനൊപ്പം ടെസ്സ പണിക്ക് പോകുന്നത്. അമ്മയെ ചികിത്സിക്കാനായി കൃഷിയിടങ്ങള്‍ ഒന്നൊന്നായ് അപ്പന് വില്‍ക്കേണ്ടി വന്നു അഞ്ചിലേറെ ശസ്ത്രക്രിയകള്‍ക്ക് അമ്മ വിധേയയായപ്പോഴേക്കും സമ്പാദ്യം ഏട്ടരയേക്കര്‍ സ്ഥലത്തു നിന്നും 10 സെന്റിലേക്ക് ചുരുങ്ങികഴിഞ്ഞിരുന്നു. പത്ത് സെന്റ് സ്ഥലത്ത് വീടും നാല് പശുക്കളുള്ള തൊഴുത്തും അത്യാവശ്യം പച്ചക്കറികളുമുണ്ട്. -ടെസ്സ പറയുന്നു.

‘ജീവിത ദുഃഖങ്ങള്‍ ദൈവീക പദ്ധതികളായ് കണ്ട് ദൈവത്തെ പഴിചാരാതെ വിശ്വാസത്തില്‍ വേരൂന്നുന്നവരെ ദൈവമൊരിക്കലും കൈവെടിയുകില്ലെന്ന് ടെസയുടെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും” (യോഹന്നാന്‍ 16 : 20 )എന്ന വചനത്തിന് ടെസയുടെ ജീവിതത്തിന്റെ നിറവുണ്ട്. എല്ലാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും പരാതിപ്പെടുന്ന മക്കള്‍ക്കും സൗകര്യങ്ങള്‍ ഇല്ലെന്നു പറഞ്ഞ് പഠിക്കാന്‍ മടികാണിക്കുന്നവര്‍ക്കും ജീവിതത്തിലെ ദുഃഖ ദുരിതങ്ങള്‍ ഓര്‍ത്ത് ദൈവത്തെ പഴിചാരി ജീവിക്കുന്നവര്‍ക്കും കണ്ടു പഠിക്കാം ടെസയെ പോലുള്ളവര്‍ പൊരുതി നേടുന്ന ജീവിത വിജയങ്ങള്‍.”- എന്നാണ് ടെസ്സയുടെ ജീവിതകഥ പങ്ക് വെച്ചുകൊണ്ട് ഫാദര്‍ ജെന്‍സണ്‍ ലാസലെറ്റ് എഴുതിയത്.