ലോങ് ടേമാണെന്നും ഏറ്റെടുത്താല്‍ ഇടയ്ക്ക് വെച്ച് നിര്‍ത്താനാവില്ലെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ മറുപടി ഇതായിരുന്നു, ടെസ്സ പറയുന്നു

വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് ടെസ. ബിഗ്‌സ്‌ക്രീനില്‍ തിളങ്ങിയ താരം നീണ്ട നാളത്തെ ഇടവേളയ്ക്ക് ഒടുവില്‍ മിനിസ്‌ക്രീനിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. പട്ടാളം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ജോഡിയായി എത്തിയത് ടെസ്സയായിരുന്നു. 18 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച ടെസ്സയുടെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി തന്റെ ജീവിതം തുറന്ന് പറഞ്ഞത്.

ടെസ്സയുടെ വാക്കുകള്‍ ഇങ്ങനെ, വിവാഹത്തോടെ അബുദാബിയിലേക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക് 2015 ല്‍ ചില സിനിമകള്‍ ചെയ്തിരുന്നു. ആകപ്പാടെ 5 സിനിമകളിലാണ് താന്‍ അഭിനയിച്ചിട്ടുള്ളതെന്നും ടെസ പറയുന്നു. എന്റെ കുട്ടികളുടെ അച്ഛന്‍ പരമ്പരയിലൂടെയായാണ് വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തിയത്.

വിവാഹ ശേഷവും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പല സിനിമകളോടും നോ പറയുകയായിരുന്നു. ചെറിയ മക്കളെയും വിട്ട് ഷൂട്ടിന് പോവുന്നത് പാടായിരുന്നു. മക്കളെ പിരിഞ്ഞിരിക്കുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. മികച്ച കഥാപാത്രം ലഭിച്ചാല്‍ തിരിച്ചെത്താമെന്നായിരരുന്നു കരുതിയത്. സീരിയല്‍ അവസരങ്ങള്‍ വരുമ്പോഴും ആശങ്കയിലായിരുന്നു.

അവതാരക ജോലി തനിക്കേറെ പ്രിയപ്പെട്ടതാണ്. പട്ടാളത്തിലേക്ക് ലാല്‍ ജോസ് സര്‍ ക്ഷണിച്ചതും അവതാരകയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു. സംസാരിക്കാനും കേള്‍ക്കാനുമെല്ലാം ഏറെയിഷ്ടമാണ്. പട്ടാളത്തില്‍ അഭിനയിച്ചതോടെയാണ് അതും തനിക്ക് വഴങ്ങുമെന്ന് മനസ്സിലായത്. സീരിയല്‍ ഏറ്റെടുക്കുമ്പോള്‍ അബുദാബിയിലേക്കുള്ള പോക്കും മക്കളെ കാണുന്നതുമൊക്കെയായിരുന്നു ചിന്തയിലുണ്ടായിരുന്നത്.

സീരിയല്‍ ലോങ് ടേമാണെന്നും ഏറ്റെടുത്താല്‍ ഇടയ്ക്ക് വെച്ച് നിര്‍ത്താനാവില്ലെന്നും ആദ്യമേ തന്നെ മനസ്സിലാക്കിയിരുന്നു. ഇതേക്കുറിച്ച് ഭര്‍ത്താവിനോടും പറഞ്ഞിരുന്നു. അബുദാബി ഓയില്‍ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ് അനില്‍. ധൈര്യമായി ഈ അവസരം ഏറ്റെടുക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. ഒന്‍പതിലും നാലിലും പഠിക്കുന്ന മക്കളും അമ്മയോട് പോയി വരാനായി പറയുകയായിരുന്നു. ആരെങ്കിലും ഒരാള്‍ നോ പറഞ്ഞിരുന്നുവെങ്കില്‍ റീഎന്‍ട്രി താന്‍ വേണ്ടെന്ന് വെച്ചേനെ.