കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പ്രതി മുഖ്യമന്ത്രിക്കൊപ്പം ആലപ്പുഴയിൽ എത്തി, ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയമില്ല

ആലപ്പുഴ : യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ  ഗൺമാൻ അനിൽ‍ കുമാർ ഇന്നലെ ജില്ലയിലെത്തി. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സമയമില്ലാത്ത അനിൽ‍ കുമാർ മുഖ്യമന്ത്രിയുടെ സുരക്ഷാ ജോലിക്കായാണ് ആലപ്പുഴയിൽ ദിവസം എത്തിയത്. രാവിലെ പത്രസമ്മേളനം നടത്തിയ ഹോട്ടലിലും തുടർന്നു തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലുമെല്ലാം അനിൽ ഉണ്ടായിരുന്നു.

എന്നാൽ നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദിച്ച കേസിൽ ജോലിത്തിരക്കെന്നു പറഞ്ഞു നാലു മാസമായി ചോദ്യം ചെയ്യലിൽ നിന്നു ‘മുങ്ങി’ നിൽക്കുകയാണ് അനിൽ‍ കുമാർ. കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസിനു സമീപം മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവൽ കുര്യാക്കോസിനെയും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെയും നിഷ്കരുണം മർദിച്ച കേസിലെ പ്രതികളാണ് അനിൽ കുമാറും മറ്റൊരു സുരക്ഷാ ജീവനക്കാരൻ സന്ദീപും കണ്ടാലറിയാവുന്ന മറ്റു 3 ജീവനക്കാരും.

നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. മർദനമേറ്റവരുടെ പരാതി അവഗണിച്ച പൊലീസ്, കോടതി നിർദേശപ്രകാരം പിന്നീട് കേസെടുത്തെങ്കിലും പ്രതികളുടെ നിസ്സഹകരണം മൂലം തുടർനടപടി ഉണ്ടായില്ല. ചോദ്യം ചെയ്യലിനു ഹാജരാകാൻ പലതവണ നോട്ടിസ് പോയെങ്കിലും കൈപ്പറ്റിയില്ല, നേരിട്ടു പോയി കൊടുത്തപ്പോൾ തിരക്കാണെന്നു മറുപടി നൽകി. അജയും തോമസും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. എന്നിട്ടും പ്രതികൾ മുഖ്യമന്ത്രിക്കൊപ്പം തന്നെ വിലസുന്നു എന്നതാണ് വാസ്തവം.