രാജ്യത്തെ ആദ്യത്തെ യാത്രാ ഡ്രോണ്‍ ‘വരുണ’- വീഡിയോ Passenger Drone ‘Varuna’

ന്യൂഡല്‍ഹി. രാജ്യത്തെ ആദ്യത്തെ യാത്രാ ഡ്രോണ്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനി വികസിപ്പിച്ചു. പൈലറ്റിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാവുന്ന ഡ്രോണ്‍ നാവികസേനയ്ക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനി വികസിപ്പിച്ചിരിക്കുന്നത്. ഒരു യാത്രക്കാരന്‍ അടക്കം 130 കിലോ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് വികസിപ്പിച്ചെടുത്ത ഡ്രോണ്‍.

നാവികസേനയ്ക്ക് വേണ്ടി സാഗര്‍ ഡിഫന്‍സ് എന്‍ജിനീയറിങ് കമ്പനിയാണ് ഡ്രോണ്‍ വികസിപ്പിച്ചത്. 130 കിലോ ഭാരവുമായി 25 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ‘വരുണ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഡ്രോൺ. വിദൂര സ്ഥലങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയി ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനായ ബാബര്‍ പറഞ്ഞിരുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സാങ്കേതിക പ്രശ്‌നങ്ങള്‍ എന്തെങ്കിലും ആകാശത്ത് വച്ച് ഉണ്ടായാൽ യാത്രക്കാരനെ സുരക്ഷിതമായി ഇറക്കാന്‍ വേണ്ട സാങ്കേതികവിദ്യ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ പ്രത്യേകത. പാരച്യൂട്ട് സ്വമേധയാ പ്രവര്‍ത്തിക്കുന്ന വിധമാണ് ഇതില്‍ സുരക്ഷാ ക്രമീകരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞമാസം വരുണയുടെ പരീക്ഷണ പറക്കലിന് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷിയായിരുന്നു. ഇതിന്റെ ദൃശ്യം കേന്ദ്ര വ്യോമയാന മന്ത്രാലയം പങ്കുവെച്ചിരിക്കുകയാണ്.