നാണം കെട്ടിട്ടും സിൽവര്‍ ലൈൻ പദ്ധതിയുടെ പിടിവിടാതെ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം. കേന്ദ്ര റെയിൽവേ മന്ത്രാലയവും കോടതിയും വരെ നാണം കെടുത്തിയിട്ടും സിൽവര്‍ ലൈൻ പദ്ധതിയുടെ പിടിവിടാതെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് തന്നെ. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി ഇപ്പോൾ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഡപ്യൂട്ടി കളക്ടറും തഹസിൽദാറും അടക്കം 25 ഉദ്യോഗസ്ഥര്‍ക്കാണ് മുൻകാല പ്രാബല്യത്തോടെ കാലാവധി പുതുക്കി നൽകിയിരിക്കുന്നത്.

പ്രതിഷേധം കനത്തപ്പോൾ പിൻമാറിയെന്നും മുടങ്ങിപ്പോയെന്നും ഉള്ള ആക്ഷേപങ്ങൾക്കിടെയാണ് സിൽവര്‍ ലൈൻ പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന സൂചന സര്‍ക്കാർ ഈ അവസരത്തിൽ നൽകുന്നത്. സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഡെപ്യൂട്ടി കളക്ടര്‍ അടക്കം വിവിധ തസ്തികകളിലായി 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് മുൻകാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്ക് നീട്ടിയിരിക്കുന്നത്.

സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കി നൽകുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കാനിരിക്കുകയാണ്. മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികൾ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. മഞ്ഞ കുറ്റികൾക്ക് പകരം ജിയോ ടാഗിംഗ് വഴി അതിരടയാളമിടുന്നതിന് തീരുമാനിച്ചെങ്കിലും എതിര്‍പ്പു വന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യം കെ റെയിലിനേയും സര്‍ക്കാരിനേയും കുഴക്കുകയാണ്. ഭൂവുടമകളെ വിശ്വാസത്തിലെടൂത്ത് മുന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ നിർദേശം.

ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുകൾ കെട്ടിടങ്ങൾ കൃഷി സ്ഥലങ്ങളെല്ലാം രേഖപ്പെടുത്തി ആഘാതം കുറക്കാനുള്ള നടപടികളാണ് സര്‍വെയുടെ ലക്ഷ്യമെന്ന് കെ റെയിൽ അധികൃതർ പറയുന്നു. അതേസമയം തുടർനടപടിയിലേക്ക് നീങ്ങുമ്പോഴും താഴെ തട്ടിൽ പ്രതിഷേധം വീണ്ടും ശക്തമാകുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. കേന്ദ്രം ഇതുവരെ അനുകൂലനിലപാട് എടുത്തിട്ടുമില്ല എന്നതും കുടുക്കിലാക്കുന്നു.