ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. തിരുവനന്തപുരം മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ സ്വദേശിനി സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചത്. ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം കമ്മീഷനും മറ്റും കഴിച്ചുള്ള തുകയായ 63 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മേയ് 14 നാണ് പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനിൽ നിന്ന് ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള ഫിഫ്ടി ഫിഫ്ടി ടിക്കറ്റ് സുകുമാരിയമ്മ എടുത്തത്. വ്യത്യസ്ത സീരീസുകളിലായി ഒരേ നമ്പരിലുള്ള 12 ടിക്കറ്റുകളാണ് സുകുമാരിയമ്മ വാങ്ങിയത്. 15ന് നടത്തിയ നറുക്കെടുപ്പിൽ ഇതിൽ ഒന്നിനായിരുന്നു ഒന്നാം സമ്മാനമടിച്ചത്. എന്നാൽ ഈ വിവരം സുകുമാരിയമ്മ അറിഞ്ഞിരുന്നില്ല.

ഇതിനിടെ, ടിക്കറ്റ് വിൽപന നടത്തിയ കണ്ണൻ സുകുമാരിയമ്മയെ അന്വേഷിച്ച് കണ്ടെത്തി 12 ടിക്കറ്റിന് 100 രൂപ വീതം സമ്മാനം അടിച്ചെന്ന് അറിയിക്കുകയും 500 രൂപ നൽകിയ ശേഷം ബാക്കി 700 രൂപയ്ക്കു അടുത്ത ദിവസത്തെ ലോട്ടറി ടിക്കറ്റുകൾ നൽകുകയും ചെയ്തു. പിറ്റേദിവസം തനിക്ക് ലോട്ടറി അടിച്ചെന്ന് അറിയിച്ച് കണ്ണൻ സുഹൃത്തുക്കൾക്ക് ലഡു വിതരണം ചെയ്തു. ഈ വിവരം അറിഞ്ഞ സുകുമാരിയമ്മ, കണ്ണൻ തിരിച്ചു വാങ്ങിയ FG 348822 ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഫലം പരിശോധിച്ചു കണ്ടെത്തി.