ഏകീകൃത സിവിൽ കോഡിനെതിരായ ഹർജികൾ സുപ്രീംകോടതി തള്ളി.

ന്യൂഡൽഹി. ഏകീകൃത സിവിൽ കോഡിനെതിരായ ഹർജികൾ സുപ്രീംകോടതി തള്ളി. ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ ആരംഭിക്കുകയും സമിതി രൂപീകരിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജികളാണ് സുപ്രീം കോടതി തള്ളിയത്.

നിയമ നിർമ്മാണത്തിന് സംസ്ഥാനങ്ങൾക്കും അധികാരം ഉണ്ടെന്ന നിരീക്ഷണത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി ഉണ്ടായിരിക്കുന്നത്. സമിതി രൂപീകരിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരുകളുടെ നീക്കത്തിൽ നിയമപരമായി തെറ്റുണ്ടെന്ന് പറയാനാകില്ല. അതിനാൽ തടയാനാകില്ല – കോടതി വ്യക്തമാക്കി.

ഏറെ നാളുകൾക്ക് മുമ്പ് തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ബിജെപി ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു. ഗുജറാത്ത്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു ആദ്യമായി പ്രഖ്യാപനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാന സർക്കാരുകളും ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പഠിക്കുന്നതിന് സമിതിയെ രൂപീകരിക്കുകയായിരുന്നു.

ഇത് തെറ്റാണെന്നും തടയണമെന്നുമായിരുന്നു പൊതുതാത്പര്യ ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഭരണഘടനയുടെ 162-ാം അനുച്ഛേദ പ്രകാരമുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നതെന്നും നിയമപരമായി നിലനിൽക്കുന്നതാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ ഈ വിഷയത്തിലെ നിരീക്ഷണം.