സംസ്ഥാനത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധിച്ച് ഡോക്ടർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിച്ച് ആദ്യമായി ഒരു ഡോക്ടറുടെ ജീവൻ നഷ്ടപ്പെട്ടു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എം. എസ് ആബ്ദിനാണ് കൊവിഡ് ബാധ മൂലം നിര്യാതനായത്. 350 ലേറെ ഡോക്ടർമാരുടെ മരണങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്നു. കേരളത്തിൽ ഇതാദ്യമാണ് കൊവിഡ് മൂലം ഒരു ഡോക്ടറുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന അദ്ദേഹം തിങ്കളാഴ്ച മുതൽ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിനവും കൊവിഡ് കേസുകളുടെ എണ്ണം 4000 കടന്നപ്പോള്‍ മരണസംഖ്യയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ മരണസംഖ്യയും വര്‍ദ്ധിക്കുമെന്നത്. ഇപ്പോള്‍ ദിനംപ്രതി കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ മരണസംഖ്യയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഇന്ന് സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. കാന്‍സര്‍ രോഗികൂടിയായ റജിയാ ബീവി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍.പാറശാലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരിച്ച ബ്രിജി. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുപ്പത്തിയെട്ടുകാരിയായ ബ്രിജി അധ്യാപികയാണ്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്.