ക്രിക്കറ്റ് പരിശീലനത്തിന്റെ മറവിൽ ലൈം​ഗിക പീഡനം, തിരുവനന്തപുരം കെസിഎയിലെ കോച്ച് അറസ്റ്റിൽ

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരേ കൂടുതല്‍ പരാതികള്‍. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ ഇയാള്‍ ഒട്ടേറെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിവരം. ഇതുവരെ ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരേ പീഡനപരാതി നല്‍കിയത്.

ക്രിക്കറ്റ് ടൂർണമെന്റെിന്റെ മറവിൽ പെൺകുട്ടികളെ തെങ്കാശിയിൽ എത്തിച്ചായിരുന്നു പീഡനം. പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളുടെ ന​ഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും പരാതിയുണ്ട്. പോക്സോ പ്രകാരം മനുവിനെ റിമാൻഡ് ചെയ്തു. ആദ്യം ഒരു പെൺകുട്ടിയുടെ പരാതിയാണ് പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ റിമാൻഡ് ചെയ്തു.

ഇതിന് പിന്നാലെയാണ് ആറ് പെൺകുട്ടികൾ കൂടി പൊലീസിനെ സമീപിച്ചത്. കൂടുതൽ പെൺകുട്ടികളെ ഇയാൾ ഉപദ്രവിച്ചതായാണ് പൊലീസിന്റെ നി​ഗമനം. പൊലീസ് അന്വേഷണത്തിൽ മനുവിനെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കെസിഎ സംഘടിപ്പിച്ച പിങ്ക് ടൂർണമെന്റിന്റെ മറവിലാണ് പീഡനം നടന്നത്. ക്രിക്കറ്റിൽ ഭാവി സ്വപ്നം കാണുന്ന പെൺകുട്ടികളെ ടൂർണമെന്റ് കളിക്കാൻ എന്ന പേരിലാണ് തെങ്കാശിയിൽ എത്തിച്ചത്.

ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കാൻ പെൺകുട്ടികളുടെ ശാരീരിക ഘടന ബിസിസിഐക്ക് നൽകണമെന്ന പേരിലാണ് ഇയാൾ ന​ഗ്ന ഫോട്ടോ എടുത്തത്. ഇയാളുടെ ഫോണുകൾ പോലീസ് കസ്റ്റഡിയിൽ എടുത്ത് ഫൊറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.

കഴിഞ്ഞ 10 വർഷമായി കോച്ചായി പ്രവർത്തിക്കുന്നയാളാണ് മനു. ഒന്നര വർഷം മുമ്പ് കെസിഎയിൽ പരിശീലനത്തിന് എത്തിയ ഒരു പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. പൊലീസ് ചാർജ് ഷീറ്റ് സമർപ്പിച്ചെങ്കിലും പെൺകുട്ടി മൊഴിമാറ്റിയതിനെ തുടർന്ന് കേസിൽ ഇയാൾ കുറ്റവിമുക്തനായി. ​ഇയാളുടെ സമ്മർദ്ദം കൊണ്ടാണ് അതിജീവിത മൊഴിമാറ്റിയതെന്നാണ് സൂചന. ലൈം​ഗികാരോപണം ഉയർന്ന ആളെ വീണ്ടും പരിശീലകനാക്കിയ കെസിഎയുടെ ധാർമ്മികത കൂടി പൊതു മദ്ധ്യത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്.