ട്രെയിനിലെ ഫാനില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍, പോക്കറ്റില്‍ നിന്നും തൃശൂരില്‍ നിന്നുള്ള ടിക്കറ്റ് കണ്ടെത്തി

ബെംഗളൂരു. ട്രെയിനിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജ്ഞാത മൃതദേഹം കണ്ടെത്തിയത് കര്‍ണാടകയിലെ ബയപ്പനഹള്ളിയിലെ സര്‍ എം വിശ്വേശ്വരയ്യ റെയില്‍വേ സ്റ്റേഷനിലാണ്. മൈസൂരുവില്‍ നിന്ന് കാരയ്ക്കലിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ കംപാര്‍ട്ടുമെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇയാള്‍ക്ക് 45 വയസ്സ് പ്രായം തോന്നിക്കും എന്നാണ് നിഗമനം. അതേസമയം ഇയാളുടെ പോക്കറ്റില്‍ നിന്നും തൃശൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് എടുത്ത ടിക്കറ്റ് ലഭിച്ചു. മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മരണകാരണവും വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാധമിക നിഗമനം.

യാത്രക്കാരന്‍ രാവിലെ റെയില്‍വേ ജീവനക്കാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ട്രെയിനില്‍ നിന്നും ഈ കംപാര്‍ട്ട്‌മെന്റ് വേര്‍പ്പെടുത്തി. തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. പുലര്‍ച്ചെ 3 നും 3.30നും ഇടയില്‍ കംപാര്‍ട്ടുമെന്റ് പൂര്‍ണമായും ഒഴിഞ്ഞ സമയത്താണ് ഇയാള്‍ മരിച്ചതെന്നാണ് നിഗമനം.