ടൈറ്റാനിയം തട്ടിപ്പ് കേസ് : പ്രതി ശ്യാംലാലിന് എം.എൽ.എമാരുമായി അടുത്ത ബന്ധം; അന്വേഷണം എം.എൽ.എ ഹോസ്റ്റലിലേക്ക്

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പുകേസിൽ പ്രധാനപ്രതി ശ്യാംലാലിന് എം.എൽ.എമാരുമായി അടുത്ത ബന്ധമെന്ന് മൊഴി. ഇതോടെ അന്വേഷണം എം.എൽ.എ. ഹോസ്റ്റലിലേക്കും വ്യാപിപ്പിക്കും. റിസപ്ഷനിസ്റ്റ് മനോജ് ആണ് പോലീസിന് മൊഴി നൽകിയത്. ആദ്യഘട്ടത്തിൽ മൊഴി നൽകിയ മനോജ് ഇപ്പോൾ ഒളിവിലാണ്. കേസിലെ പ്രധാനപ്രതികളിൽഒരാളായ ശ്യാംലാൽ എം.എൽ.എ. ഹോസ്റ്റലിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും എം.എൽ.എമാരിൽ ചിലരുമായി ശ്യാംലാലിന് അടുത്തബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം

പരാതി വന്നപ്പോഴാണ് പോലീസ് മനോജിന്റെ മൊഴിയെടുത്തത്. എം.എൽ.എ. ഹോസ്റ്റലിൽ വെച്ചാണ് ശ്യാംലാലിനെ മനോജ് പരിചയപ്പെട്ടത്. ശ്യാംലാലിന് മനോജ് കാര്‍ വാങ്ങി നൽകി. മനോജ് വാങ്ങി നൽകിയ ഈ കാറിലാണ് ശ്യാംലാൽ ഉദ്യോഗാർഥികളെ ടൈറ്റാനിയത്തിൽ അഭിമുഖത്തിനായി എത്തിച്ചിരുന്നതെന്നുമാണ് വിവരം.

തട്ടിപ്പിൽ പങ്കാളിയായ അനിൽകുമാർ എം.എൽ.എ. ഹോസ്റ്റലിലെ കോഫി ഹൗസ് ജീവനക്കാരനും സി.ഐ.ടി.യു. നേതാവുമാണ്. ഇതോടെ തട്ടിപ്പിന് പിന്നിൽ ഉന്നതബന്ധങ്ങളുണ്ടെന്ന സംശയം ബലപ്പെടുകയാണ്. കേസിൽ ഇതുവരെയായി ഒന്നാംപ്രതി ദിവ്യ ജ്യോതി മാത്രമാണ് പിടിയിലായത്. പ്രധാനപ്രതികളായ ശശികുമാരൻ തമ്പി, ശ്യാംലാൽ, പ്രേംകുമാർ, മനോജ്, ദിവ്യയുടെ ഭർത്താവ് രാജേഷ് എന്നിവർ ഒളിവിലാണ്.