ടൈറ്റാനിയം ജോലി തട്ടിപ്പ്; ദിവ്യയുടെ ഡയറിയില്‍ കോടികളുടെ ഇടപാട്

തിരുവനന്തപുരം. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്. കേസിലെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം തട്ടിപ്പ് കേസില്‍ പ്രതിയായ ടൈറ്റാനിയം ലീഗല്‍ എജിഎം ശശികുമാരനെ സസ്‌പെന്‍ഡ് ചെയ്തു.

വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ദിവ്യ നായരും സംഘവും കോടികള്‍ തട്ടിയെടുത്തിരുന്നു. ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ശശികുമാരന്‍ തമ്പി, പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം ദിവ്യയുടെ ഡയറിയില്‍ മാത്രം കോടികളുടെ ഇടപാടുകളുടെ വിവരം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല 15 കോടി പലരില്‍ നിന്നും വാങ്ങിയതായി ദിവ്യ പോലീസിനോട് പറഞ്ഞു.

ഈ സാഹചര്യത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്ന് പോലീസ് വിലയിരുത്തുന്നത്. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധം ഉള്ളതായും പോലീസ് സംശയിക്കുന്നു. മാസം 75000 രൂപ ശമ്പളത്തിനാണ് പ്രതികല്‍ ജോലി വാഗ്ദാനം നടത്തിയത്. പലരും ലക്ഷങ്ങള്‍ ജോലിക്കായി നല്‍കി. 2018 മുതല്‍ പ്രതികള്‍ സമാനരീതിയില്‍ തട്ടിപ്പ് ആരംഭിച്ചിരുന്നു. ടൈറ്റാനിയത്തില്‍ ഒഴിവുണ്ടെന്ന് വ്യക്തമാക്കി ദിവ്യയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

തുടര്‍ന്ന് ബന്ധപ്പെടുന്നവരുമായി പണത്തിന്റെ കാര്യം പറഞ്ഞ് തീരുമാനം ഉറപ്പിക്കും. തുടര്‍ന്ന് അഭിമുഖത്തിനെന്ന പേരില്‍ പണം നല്‍കുന്നവരെ ടൈറ്റാനിയത്തില്‍ എത്തിക്കും. ശ്യാംലാല്‍ ഉള്‍പ്പെടെയുള്ളവര്‍ കാറിലാണ് ഇവരെ എത്തിക്കുന്നത്. കാറില്‍ കയറിയാല്‍ ഉടന്‍ ഫോണ്‍ ഓഫ് ആക്കുവാന്‍ പ്രതികള്‍ പറയും. തുടര്‍ന്ന് വിശ്വാസം ഉറപ്പിക്കുവാന്‍ ശശികുമാരന്‍ തമ്പിയുടെ കാബിനിലേക്ക് ഇവരെ എത്തിച്ച് അഭിമുഖം നടത്തും. പിന്നീട് 15 ദിവസം കഴിഞ്ഞ് നിയമന ഉത്തരവ് ലഭിക്കുമെന്ന് പറയുകയും. പിന്നീട് ഇത് ലഭിക്കാതെ വന്നതോടെയാണ് പലരും തട്ടിപ്പാണെന്ന് മനസ്സിലാക്കിയത്.