ആ സന്തോഷ വാർത്തയുമായി നമിത പ്രമോദ്, ഇനി ജീവിതത്തിലെ പ്രധാന ഘട്ടത്തിലേക്ക്

ആരാധകരെ ഒന്നടങ്കം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകാംക്ഷയിൽ നിർത്തിയിരിക്കുകയായിരുന്നു നമിത പ്രമോദ്. പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി താൻ എത്തുമെന്ന് നമിത അറിയിച്ചിരുന്നു. വിവാഹമാണെന്ന തരത്തിൽ ചില സൂചനകളും താരം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സർപ്രൈസ് പൊട്ടിച്ചിരിക്കുകയാണ് നമിത. പനമ്പള്ളി ന​ഗറിൽ പുതിയ റസ്റ്റോറന്റ് ആരംഭിച്ചിരിക്കുകയാണ് നടി നമിത പ്രമോദ്. സമ്മർലൈഫ് കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ അനൗൺസ്മെന്റ്റ് വിഡിയോ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

‘‘ഹലോ എവരിവൺ, സർപ്രൈസ് ഇതാണ്. എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന ഘട്ടം. സമ്മർലൈഫ് കഫേ നിങ്ങളുടെ പ്രിയപ്പെട്ട നഗരമായ കൊച്ചിയിൽ (പനമ്പിള്ളി നഗർ) ഉടൻ തുറക്കും. നിങ്ങൾക്കെല്ലാവർക്കും സേവനം നൽകാൻ ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തുക” എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പുതിയ സംരംഭത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഒരു വിഡിയോയുമായി കഴിഞ്ഞ ദിവസമാണ് നമിത എത്തിയത്. വിവാഹിതയാവുന്നു എന്ന വാർത്ത കേട്ടല്ലോ എന്ന ചോദ്യത്തിന് താൻ വിവാഹിതയാകാൻ പോകുകയാണോ അല്ലയോ എന്നത് ഞായറാഴ്ച അഞ്ച് മണിക്ക് നിങ്ങളെ അറിയിക്കാം എന്ന് മറുപടി പറയുകയായിരുന്നു. ഏറെ സന്തോഷവതിയായിരുന്നു താരം. ജയസൂര്യ നായകനായ ഈശോയിലാണ് നമിത പ്രമോദ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.