കേരളത്തില്‍ വീണ്ടും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം, രശ്മിയുടെ കഴുത്തില്‍ മിന്നുകെട്ടി സാജു

കേരളം മാറ്റങ്ങളുടെ പാതയിലാണ്, മലയാളികളും. വീണ്ടും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് കേരളം വേദിയായിരിക്കുകയാണ്. ഇടുക്കി നെടുങ്കണ്ടം സ്വദേശി രശ്മിയും എറണാകുളം ഇരുമ്പനം സ്വദേശി സാജുവുമാണ് വിവാഹിതര്‍ ആയത്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയും ആശീര്‍വാദത്തോടെയുമാണ് രശ്മിയും സാജുവും ജീവിതത്തില്‍ ഒന്നിച്ചത്.

ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതര്‍ ആയത്. സ്റ്റാര്‍ മേക്കര്‍ എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദമാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയുമായിരുന്നു. തുടക്കത്തില്‍ വീട്ടുകാരെ പറഞ്ഞുമനസിലാക്കാന്‍ സമയമെടുത്തെങ്കിലും പിന്നീട് തങ്ങളുടെ ഇഷ്ടം മനസിലാക്കി അവരും കൂടെ നില്‍ക്കുകയായിരുന്നു.

എല്ലാവരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് ഇരുവരും വിവാഹവേദിയില്‍ എത്തിയത്. സാജു വെല്‍ഡിങ് തൊഴിലാളിയും രശ്മി ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ ഹോസ്റ്റലില്‍ മാനേജരായി ജോലി ചെയ്തുവരികയുമാണ്. വിവാഹത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

നിരവധി പേരാണ് സാജുവിനും രശ്മിക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. സമൂഹത്തില്‍ ഇത്തരം മാറ്റങ്ങള്‍ വരേണ്ടത് അനിവാര്യമാണെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ചേര്‍ത്ത് പിടിക്കേണ്ടതാണെന്നുമാണ് ഏവരും പറയുന്നത്.