ആധാർ കാർഡ് സുരക്ഷ: വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന നിർദേശം തിരുത്തി കേന്ദ്രസർക്കാർ

ആധാർ കാർഡ് വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന നിർദേശം തിരുത്തി കേന്ദ്രസർക്കാർ. തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഉള്ളതിനാലെന്ന വിശദീകരണവുമായി കേന്ദ്ര ഐ ടി മന്ത്രാലയം രംഗത്തെത്തി. മാസ്‌ക് ചെയ്ത കോപ്പികൾ മാത്രമേ നൽകാവൂ എന്ന നിർദേശമാണ് തിരുത്തിയത്. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിർേദശം നൽകിയതെന്നും എന്നാൽ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസർക്കാർ പുതിയ അറിയിപ്പിൽ വ്യക്തമാക്കി.

യുഐഡിഎഐ നൽകുന്ന ആധാർ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉടമകൾ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാൻ മാത്രമേ നിർേദശമുള്ളൂ. ആധാർ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.

ഹോട്ടലുകളോ തീയറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാർകാർഡിന്‍റെ പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്. സ്വകാര്യസ്ഥാപനം ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കമെന്നും നിർേദശത്തിൽ ഉണ്ടായിരുന്നു. എന്നാൽ ആധാർ വിവരങ്ങൾ ചോരുന്നുവെന്ന തരത്തിലടക്കം ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഈ അറിയിപ്പ് കാരണമായതോടെയാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്ത് എത്തിയത്.