മാതാ അമൃതാന്ദമയി രാജ്യത്തെയും ലോകത്തെയും സ്വാധീനിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മാതാ അമൃതാനന്ദമയി രാജ്യത്തിനുമാത്രമല്ല ലോകത്തെയാകെ സ്വാധീനിക്കുമാറ് സംഭാവന നല്‍കിയ വ്യക്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമൃത ആശുപത്രി രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

മാതാ അമൃതാന്ദമയി അമ്മയ്ക്ക് പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് ആഭ്യന്തര മന്ത്രി തന്റെ പ്രസംഗം ആരംഭിക്കുന്നത്. ആദി ശങ്കരാചാര്യര്‍, നാരായണഗുരു അമ്മ തുടങ്ങിയവര്‍ ഉള്ളനാടാണ് കേരളം. പല തവണ അമ്മയെ കണ്ട് ആശീര്‍വാദം വാങ്ങിയിട്ടുണ്ട്. അമ്മയുടെ അടുത്ത് എത്തുന്ന എല്ലാവര്‍ക്കും അമ്മ സ്‌നേഹവും ആശീര്‍വാദങ്ങളും നല്‍കുന്നു – അമിത് ഷാ പറഞ്ഞു.

ആതുര സേവന രംഗത്ത് അമൃതാനന്ദമയീ മഠം സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. ഗുജറാത്ത് ഭൂകമ്പം ഉള്‍പ്പടെ നിരവധി അവസരങ്ങളില്‍ രാജ്യത്തിന് അമൃതാനന്ദമയീ മഠം സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി ആരോഗ്യ രംഗത്ത് മാറ്റങ്ങള്‍ വരുത്തുവാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് സാധിച്ചെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. പല പദ്ധതികള്‍ വഴി ചികിത്സാ സഹായങ്ങള്‍ വര്‍ധിപ്പിച്ചു. 648 മെഡിക്കല്‍ കോളേജുകളാണ് രാജ്യത്തുള്ളത്. മെഡിക്കല്‍ സീറ്റുകളുടെ എണ്ണം കൂട്ടി. ഒഡീഷയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടെ, നമ്മുടെ കുടുംബത്തിലുള്ളവര്‍ പെട്ടന്ന് ഇല്ലാതായ പോലെയാണെന്നും അമിത്ഷാ പറഞ്ഞു.

അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് പരിചിതമാക്കിയ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കല്‍ സയന്‍സ് രജത ജൂബിലിയുടെ നിറവിലാണ്. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന 25ാം വാര്‍ഷികാഘോഷങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇതോടെ സംസ്ഥാനത്ത് രണ്ട് മെ‍ഡിക്കല്‍ ഗവേഷണ സ്ഥാപനങ്ങളാണ് രജത ജൂബിലിയുടെ ഭാഗമായി അമൃത ആരംഭിക്കുന്നത്.

1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ഉദ്ഘാടനം ചെയ്ത കൊച്ചി ഇടപ്പള്ളിയിലെ അമൃത ആശുപത്രി 25 വര്‍ഷങ്ങള്‍ക്കിപ്പുറം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന പേരില്‍ രാജ്യാന്തര ചികിത്സാ സംവിധാനങ്ങളുള്ള കേന്ദ്രമായി മാറികഴിഞ്ഞിരിക്കുന്നു. അത്യാധുനിക ചികിത്സാ സങ്കേതങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ തന്നെ ആദ്യത്ത പല വൈദ്യശാസ്ത്ര നേട്ടങ്ങളും അമൃത സ്വന്തമാക്കി. ഇന്ത്യയില്‍ എറ്റവുമധികം റോബോട്ടിക് കരള്‍മാറ്റ ശസ്ത്രക്രിയ, രാജ്യത്തെ ആദ്യ നാനോ ബയോ സെന്റര്‍ എന്നിവയെല്ലാം അമൃതയ്ക്ക് അവകാശപ്പെട്ട നേട്ടങ്ങളില്‍ ചിലതാണ്.

വര്‍ഷം തോറും ഇരുപത്തിഅയ്യായിരത്തിലധികം രോഗികളാണ് വിദഗ്ധ ചികിത്സയ്ക്കായ് അമൃതയിലെത്തുന്നത്. എല്ലാവര്‍ഷവും നല്‍കുന്ന 40 കോടി രൂപയുടെ സൗജന്യചികിത്സക്ക് പുറമെ രജത ജൂബിലിയുടെ ഭാഗമായി 25 കോടി കൂടിയാണ് സൗജന്യചികിത്സാ പദ്ധതിക്കായി മാറ്റിവയ്ക്കുന്നത്. രജതജൂബിലിയുടെ ഭാഗമായി വൈദ്യശാസ്ത്ര ഗവേഷണത്തിനായി രണ്ട് കേന്ദ്രങ്ങള്‍ കൂടിയാണ് അമൃത കേരളത്തിന് സമ്മാനിക്കുന്നത്.