ഞങ്ങളെ ശ്രദ്ധിക്കാന്‍ ജോലി ഉപേക്ഷിച്ചു, അമ്മയെ കുറിച്ച് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയകൡും സജീവമായ നടന്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് വൈറലായി മാറാറുണ്ട്. മാതൃദിനത്തില്‍ അമ്മയെ കുറിച്ച് ഉണ്ണി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തങ്ങള്‍ക്ക് വേണ്ടി അമ്മ ചെയ്ത ത്യാഗത്തെ കുറിച്ച് ഉണ്ണി തുറന്നെഴുതിയത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രത്തിനോടൊപ്പമായിരുന്നു നടന്‍ കുറിപ്പ് പങ്കുവെച്ചത്.

ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ…’ ഈ ദിനം അമ്മമാര്‍ക്കുവേണ്ടി മാത്രമുള്ളതല്ല. പ്രിയപ്പെട്ടവര്‍ക്കുവേണ്ടി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാവര്‍ക്കും വേണ്ടിയാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ചെടുത്ത ചിത്രമാണിതെന്നാണ് ചിത്രത്തേക്കുറിച്ച് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. അമ്മ തന്നില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉള്ളതുവെച്ച് കാര്യങ്ങള്‍ ഭംഗിയാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നെന്നും’ താരം ഓര്‍മിക്കുന്നു.

‘ഗുജറാത്തിയും ഹിന്ദിയും അമ്മ സ്വന്തം പ്രയത്നംകൊണ്ട് പഠിച്ചെടുക്കുകയായിരുന്നു. മാതൃഭാഷയുടെ ഛായയില്ലാതെ തന്നെ സംസാരിക്കുകയും ചെയ്യും. തമിഴ്നാട്ടില്‍ വളര്‍ന്നതിനാല്‍ ആ ഭാഷയും നന്നായി വഴങ്ങും. അധ്യാപികയായിരുന്നെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. തെക്കുനിന്നും വടക്കുഭാഗത്തേക്ക് ജീവിതം മാറിയവര്‍ക്ക് ഇത് പെട്ടന്ന് മനസിലാകും’

’30 വയസ്സുള്ള സാധാരണ തൃശൂര്‍ സ്വദേശികളായുള്ള ദമ്ബതികള്‍ക്ക് ഇത് എളുപ്പമുള്ള മാറ്റമായിരിക്കില്ല, പക്ഷേ എന്റെ മാതാപിതാക്കള്‍ രണ്ടുപേരും പ്രത്യേകിച്ച് എന്റെ അമ്മ എന്നെ വെല്ലുവിളികളെ കൃപയോടെ സ്വീകരിക്കാനും വിജയിക്കാനും പഠിപ്പിച്ചു. എല്ലാ അമ്മമാരോടും, പ്രത്യേകിച്ച് ഒരിക്കലും സംസാരിക്കാത്ത, ഒരിക്കലും പരാതിപ്പെടാത്ത, ഒരിക്കലും ഉപേക്ഷിക്കാത്ത നിശബ്ദരായ അമ്മമാരോട് എന്റെ സ്നേഹവും ആദരവും’ എന്നുപറഞ്ഞുകൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.