മരംമുറി വിഷയം വഴിതിരിച്ചുവിടാന്‍ ശ്രമം; വി.ഡി. സതീശന്‍

തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങളുടെ ശ്രദ്ധയിലുള്ള പല വിഷയങ്ങളും കേരളത്തിലുണ്ട്. പിണറായി വിജയനും കെ. സുധാകരനും തമ്മിലുള്ള ആരോപണങ്ങള്‍ ഒരു വിഷയമല്ലെന്നും അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ഏറ്റവും വലിയ വിവാദം കത്തി നില്‍ക്കുകയാണ്. ഇത് വഴിതിരിച്ചുവിടണമെന്ന ആഗ്രഹം മുഖ്യമന്ത്രിക്കുണ്ടാവും. കോവിഡ് മഹാമാരിക്കാലത്ത് ജനജീവിതത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ ഉള്ളപ്പോഴാണ് ഒരു പ്രാധാന്യമില്ലാത്ത കാര്യത്തിന് മുഖ്യമന്ത്രി സമയം കളയുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

അനാവശ്യമായ വിവാദം ഉണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരുടെ അഭിപ്രായം. അതുകൊണ്ട് ഈ വിവാദത്തിനൊപ്പം പോകേണ്ടെന്നാണ് തങ്ങളുടെ നിലപാട്. മുഖ്യമന്ത്രി ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങള്‍ സുധാകരന്‍ മറുപടി നല്‍കരുതെന്ന് പറയാനാവില്ലെന്നും വി.ഡി. സതീശന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.