കറുപ്പിനെ പേടിച്ച പിണറായി ഇപ്പോൾ ഖദറിന്റെ വെളുപ്പിനെയാണ് പേടിക്കുന്നതെന്ന് വിഡി സതീശൻ

തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ കറുപ്പിനെ പേടിച്ച പിണറായി ഇപ്പോൾ ഖദറിന്റെ വെളുപ്പിനെയാണ് പേടിക്കുന്നതെന്ന് വി.ഡി സതീശൻ പരിഹസിച്ചു. ഖദറിട്ട ആരെയെങ്കിലും മുഖ്യമന്ത്രി കണ്ടുകഴിഞ്ഞാൽ കാര്യം പോക്കാണ്. മുഖ്യമന്ത്രി പോകുന്ന വഴിയിലെ ബസ് സ്‌റ്റോപ്പിൽ പോലും വെളുത്ത വസ്ത്രമിട്ട് ആർക്കും നിൽക്കാൻപറ്റാത്ത അവസ്ഥയാണെന്നും സതീശൻ പരിഹസിച്ചു.

നികുതി വർധനവിൽ പ്രതിഷേധിച്ചുള്ള യുഡിഎഫിന്റെ രാപ്പകൽ സമരത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. രണ്ടുമൂന്നുമാസം മുമ്പ് മുഖ്യമന്ത്രിക്ക് ഒരസുഖമുണ്ടായിരുന്നു. കറുപ്പ് കണ്ടാൽ പേടി. കറുത്ത മാസ്‌ക് പാടില്ല, കറുത്ത വസ്ത്രം പാടില്ല, കാക്ക പോലും അക്കാലത്ത് പേടിച്ചാണ് പറന്നത്. ഇതിപ്പോൾ മാറി വെളിപ്പിനോടായി ദേഷ്യം.

ഖദറിട്ട ആരെയെങ്കിലും വഴിയിൽ കണ്ടുകഴിഞ്ഞാൽ കാര്യം പോക്കാണ്. പിന്നെ കരുതൽ തടങ്കലാണ്. മുഖ്യമന്ത്രി പോകുന്ന വഴിയിലെ ബസ് സ്‌റ്റോപ്പിൽ പോലും വെളുത്ത വസ്ത്രമിട്ട് ആർക്കും നിക്കാൻ പറ്റില്ല. വെളുത്ത വസ്ത്രം ധരിക്കാൻ ആലോചിക്കുന്നവർ മുഖ്യമന്ത്രി ഏത് വഴിക്കാണ് പോകുന്നതെന്ന റൂട്ടുമൂപ്പ് നോക്കേണ്ട അവസ്ഥയാണ്. സതീശൻ പറഞ്ഞു.

സത്യാഗ്രഹ സമരം ചെയ്യാൻ മാത്രമേ പ്രതിപക്ഷത്തിന് അറിയുവെന്നാണ് മുഖ്യമന്ത്രി നേരത്തെ പരിഹസിച്ചത്. സത്യാഗ്രഹ സമരം മാത്രമേ പ്രതിപക്ഷത്തിന് അറിയുകള്ളുവെങ്കിൽ മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ എന്തിനാണ് 40 സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയെന്നും ആരെയാണ് പേടിക്കുന്നതെന്നും സതീശൻ ചോദിച്ചു.