ഞാന്‍ കാരണം ഫ്‌ലൈറ്റ് ടേക്ക് ഓഫ് വൈകി, അനുഭവം പറഞ്ഞ് വീണ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായര്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി. ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയുമായിരുന്നു നടി. ഷോയില്‍ നിന്നും പുറത്ത് എത്തിയപ്പോള്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമായ വീണ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താന്‍ ആദ്യമായി വിമാന യാത്ര നടത്തിയപ്പോഴുണ്ടായ രസകരമായ സംഭവത്തെ കുറിച്ച് പറയുകയാണ് വീണ. ഗോവിന്ദ് പത്മസൂര്യ അവതരിപ്പിക്കുന്ന ബിസിംഗ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നടിയുടെ തുറന്ന് പറച്ചില്‍.

വിമാനത്തില്‍ കയറുന്നതിന് മുമ്പ് വെയിറ്റിങ് റൂമില്‍ ഉറങ്ങിപ്പോയ അനുഭവത്തെ കുറിച്ചാണ് വീണ വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് വേണ്ടി നിരവധി യാത്രക്കാരുമായി വിമാനം കാത്തുകിടന്നുവെന്നാണ് വീണ നായര്‍ പറയുന്നത്. ‘2009ല്‍ ഞാന്‍ ആദ്യമായി വിമാനത്തില്‍ കയറി. ആദ്യത്തെ വിദേശ വിമാനയാത്ര യു.എസിലേക്കായിരുന്നു. ഫ്‌ലൈറ്റ് നടപടികളെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഞാന്‍ വെയിറ്റിംഗ് ഏരിയയില്‍ ഇരിക്കുന്നതിനിടെ ഉറങ്ങിപ്പോയി. പാതി മയക്കത്തിനിടെ ‘കാവില്‍ക്കുന്ന് ബാബു’ എന്ന് വിളിച്ച് പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ ആരോ എന്നെ എഴുന്നേല്‍പ്പിച്ചു.

എനിക്ക് വേണ്ടി കുറേ യാത്രക്കാരും വിമാനവും കാത്തുകിടക്കുകയാണ് എന്ന് അറിയിച്ചു. അപ്പോഴാണ് അവര്‍ എന്റെ പേരുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ അനൗണ്‍സ് ചെയ്തത് ഞാന് ശ്രദ്ധിച്ചത്. ഞാന്‍ കാരണം ഫ്‌ലൈറ്റ് ടേക്ക് ഓഫ് സമയം പോലും കടന്നുപോയി. ഉടന്‍ തന്നെ ഞാന്‍ ഫ്‌ലൈറ്റിലേക്ക് കയറാന്‍ ഓടി. ഞാന്‍ കയറി ചെന്നപ്പോള്‍ എല്ലാവരും എന്നെ നോക്കാന്‍ തുടങ്ങി. എനിക്ക് സ്വയം അപ്പോള്‍ ഒരു ജയില്‍പ്പുള്ളിയാണോ ഞാന്‍ എന്ന് വരെ തോന്നിപ്പോയി’ വീണ നായര്‍ പറഞ്ഞു. വിമാനത്തിലെ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ അടക്കം താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും വീണ നായര്‍ പങ്കുവെച്ചു.