വീണയുടെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ പരാതിയിൽ ബിജെപി നേതാവ് ഷോൺ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. കനേഡിയൻ കമ്പനിയുണ്ടന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയെന്നാണ് വീണയുടെ പരാതി. സംഭവത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

പിതാവും ഭർത്താവും സിപിഎം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ജോർജ് ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്.

അതേസമയം, തനിക്കെതിരായ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വീണാ വിജയന്റെ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളിയതോടെ എസ് എഫ് ഐഒ ഉടന്‍ വീണയുടെ മൊഴി എടുത്തേക്കുമെന്നറിയുന്നു. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ് നല്‍കുമെന്ന് എസ് എഫ് ഐഒയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

നേരത്തെ എസ് എഫ് ഐഒ വീണ മാസപ്പടി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് സിഎംആര്‍എല്ലിലും കെഎസ് ഐഡിസിയിലും നേരിട്ട് പോയി അന്വേഷണം നടത്തിയിരുന്നു. അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വീണയുടെ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതോടെ സിപിഎമ്മിനും വീണാ വിജയനും വലിയ തിരിച്ചടിയാണ് ലഭിച്ചത്. വീണാ വിജയനെ ഈ ആഴ്ചയോ അടുത്തയാഴ്ചയോ എസ് എഫ് ഐ ഒ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.