മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്ക് തർക്കം, ഒരാൾ കൊല്ലപ്പെട്ടു, സുഹൃത്തുക്കൾ അറസ്റ്റിൽ

വയനാട് കൽപ്പറ്റ ബിവറേജസിനു മുന്നിൽ വാക്കുതർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു മരണം. കൽപ്പറ്റ ഏടഗുനി സ്വദേശി നിഷാദ് ബാബു ആണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ പരുക്കേറ്റ നിഷാദ് ചികിൽസയിലിരിക്കുകയാണ് മരിച്ചത്. സംഭവത്തിൽ മരിച്ച നിഷാദ് ബാബുവിൻ്റെ സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. മരിച്ച നിഷാദ് ബാബു സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവർക്കൊപ്പമിരുന്നു മദ്യപിച്ചിരുന്നു. ശേഷം വീണ്ടും മദ്യം വാങ്ങുന്നതിൻ്റെ പേരിൽ 20 രൂപയെ ചൊല്ലി മൂവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തൊട്ടുപിന്നാലെ, ശമീറും ഷരീഫും ചേർന്ന് നിഷാദിനെ മർദിക്കുകയായിരുന്നു. ഇവർ നിഷാദ് ബാബുവിനെ കല്ലുകൊണ്ടും മർദിച്ചതായി പൊലീസ് പറഞ്ഞു. മുഖത്ത് കല്ലുകൊണ്ടുള്ള മ‍ർദ്ദനത്തിൽ സാരമായ പരിക്കുകളുണ്ട്.

അടിപിടിക്ക് ഇടയിൽ നിഷാദ് നിലത്തു വീണു. ഇതോടെ, ഇരുവരും സ്ഥലം വിട്ടു. പിന്നാലെ, നിഷാദ് എഴുന്നേറ്റ് കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്തേക്കുള്ള ബസിൽ കയറിയെങ്കിലും കയറിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസെത്തി നിഷാദിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട നിഷാദ് ബാബുവിന്റെ പോസ്റ്റുമോർട്ടം നാളെ പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു.