ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയുള്ള ബലാൽസംഗകേസിൽ വിധി ഇന്ന്

കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ഇന്ന് വിധി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറയുക. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.

കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തെന്നാണ് കേസ്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ വൈകിയതിലും കേസിൽ കുറ്റപത്രം വൈകിയതിലും പ്രതിഷേധം തെരുവിലേക്ക് നീണ്ടു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രത്യക്ഷസമരവുമായി എത്തി. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.