ഷാനവാസ് മരിച്ചിട്ടില്ല, ഹൃദയമിടിപ്പുണ്ട്; വെന്റിലേറ്ററിലെന്ന് വിജയ് ബാബു

സൂഫിയും സുജാതയും സംവിധായകൻ ഷാനവാസ് നരണിപ്പുഴ അതീവ ​ഗുരുതരമായി വെന്റിലേറ്ററില്‍ തുടരുകയാണെന്ന് നിര്‍മാതാവും നടനുമായ വിജയ് ബാബു. നേരത്തെ ഷാനവാസ് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെന്റിലേറ്ററി സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുകയാണെന്നും ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ടെന്നുമാണ് ഫേയ്സ്ബുക്കിലൂടെ വിജയ് ബാബു അറിയിച്ചത്.

ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തിലാണ്. അവന്റെ ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ട്. അവനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരോടും അപേക്ഷിക്കുകയാണ്. അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ ഇപ്പോഴും.- വിജയ് ബാബു പറഞ്ഞു. ഷാനവാസിന്റെ ആരോ​ഗ്യനില കൃത്യമായി അറിയിക്കാമെന്നും തെറ്റായ വിവരങ്ങള്‍ പങ്കുവെക്കരുതെന്നും വിജയ് പറഞ്ഞു.

കോയമ്പത്തൂര്‍ കെ.ജി ഹോസ്പിറ്റലില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്‍റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്‍റെ സ്വദേശം.
കൊറോണയുടെ സാഹചര്യത്തെ തുടർന്ന് നേരിട്ട് ഒടിടി റിലീസിന് എത്തിയ ആദ്യ ചിത്രമായിരുന്നു ‘സൂഫിയും സുജാതയും. ദേവ്നന്ദൻ, ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവർ മുഖ്യവേഷങ്ങളിൽ എത്തിയ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി. പുതിയ സിനിമയുടെ തിരക്കഥാ രചനയ്ക്കായി അട്ടപ്പാടിൽ പോയിരിക്കവെ ആണ് ഷാനവാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പുതിയ സിനിമയുടെ എഴുത്ത് ജോലികൾക്കായി കയറിയതാണ് ഷാനവാസ്. ഫ്രൈഡേ സിനിമയ്ക്ക് വേണ്ടിയായിരുന്നു പുതിയ സിനിമയും എഴുതിത്തുടങ്ങിയത്. ഹൃദയാഘാതം ഉണ്ടാകുന്നതിന് 2 ദിവസം മുമ്പ് പ്രൊഡക്ഷൻ കൺട്രോളർ കൂടിയായ ഷിബു. ജി. സുശീലനെവിളിച്ചിരുന്നു. ക്ലൈമാക്‌സ് എഴുതി കൊണ്ടിരിക്കുകയാണെന്നും രണ്ടുദിവസത്തിനകം വന്നു കഥ പറയാം എന്നും പറഞ്ഞിരുന്നു. അതിനിടയിലാണ് ഹൃദയാഘാതം ഉണ്ടാകുന്നത്‌. അടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിലേക്ക് കയറ്റുമ്പോൾ ബ്ലീഡിങ് ഉണ്ടായി. തുടർന്ന് കോയമ്പത്തൂരിലെ കെ.ജി ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു.

2015ല്‍ പുറത്തിറങ്ങിയ കരി എന്ന ചിത്രത്തിന്‍റെ സംവിധാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ്. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.