കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം

കോഴിക്കോട് : പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. പ്ലാന്റിൽ വീണ്ടും തീപിടുത്ത സാധ്യത എന്ന് ഫയർഫോഴ്‌സ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അശാസ്ത്രിയ ഉപയോഗവും സംസ്‌കരണ പ്രക്രിയയുടെ പോരായ്മയുമാണ് തീപിടുത്തമുണ്ടാകാൻ കാരണമായത്.

ജില്ലാ ഫയർ ഓഫീസർ കളക്ടർക്ക് സമർപ്പിച റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിപിടുത്ത കാരണം കണ്ടെത്താൻ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഉചിതമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. തിപിടുത്തം നടന്ന ശേഷവും ഒരേക്കർ വരുന്ന സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ പരത്തി ഇട്ടിരിക്കുകയാണ്. ഇത് സുരക്ഷിതമാക്കിയില്ലെങ്കിൽ വീണ്ടും അപകടത്തിന് ഇടയാക്കും.

കഴിഞ്ഞ ഞായറാഴ്ച നടന്ന തീപിടുത്തം 9 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അണയ്ക്കാനായത്. ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തം മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവടങ്ങളിൽ നിന്ന് 6 യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് അണച്ചത്. മൂന്ന് മണിക്കൂർ കൊണ്ടാണ് തീ അണക്കാൻ സാധിച്ചത്. ആറു മാസം മുൻപാണ് ഇവിടെ മാലിന്യ സംസ്‌കരണ യൂനിറ്റ് സ്ഥാപിച്ചത്.