കേരളത്തിലെ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ യോഗം വിളിച്ച് റിസര്‍വ് ബാങ്ക്

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ അടിയന്തര യോഗം വിളിച്ച് റിസര്‍വ് ബാങ്ക്. വെള്ളിയാഴ്ച കൊച്ചിയിലാണ് യോഗം നടക്കുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളുമായി അര്‍ബന്‍ ബാങ്ക് മാനദണ്ഡങ്ങള്‍ മറികടന്ന് സഹകരിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ ഒരുങ്ങുന്നതിന് മുന്നോടിയായാണ് യോഗം.

അതേസമയം ഇഡി കണ്ടെത്തിയ വിവരങ്ങള്‍ അനുസരിച്ച് തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കുമായി രണ്ട് അര്‍ബന്‍ ബാങ്കുകള്‍ സഹകരിച്ച് ഇടപാട് നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങള്‍ അര്‍ബന്‍ ബാങ്കുകള്‍ പാലിക്കുന്നുണ്ടോ എന്ന് വിശദമായി പരിശോധിക്കാന്‍ ആര്‍ബിഐ ഒരുങ്ങുന്നത്.

അതേസമയം കേസില്‍ സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ ടിവി സുഭാഷിനെ വെള്ളിയാഴ്ച ഇഡി ചോദ്യം ചെയ്യും. മുകുന്ദപുരം രജിസ്ട്രാര്‍, തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ നടക്കില്ലെന്നാണ് ഇഡിയുടെ നിഗമനം.