തൃശൂര്‍ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റ ആര്‍ആര്‍ടി അംഗം മരിച്ചു

തൃശൂര്‍ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന വയനാട് സ്വദേശി ഹുസൈന്‍ (32) ആണ് മരിച്ചത്. കാട്ടാനകളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈന്‍ ചികിത്സയില്‍ ആയിരുന്നു.

ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്ന ഹുസൈന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ മോശമായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗമാണ് ഹുസൈന്‍.

പാലപ്പിള്ളിയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന കൂട്ടം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉള്‍പ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്.

തോട്ടം തൊഴിലാളികളുടെ പാഡികള്‍ നിറഞ്ഞ മേഖലയാണിത്. ഇതിനു പുറമെ, ഒട്ടേറേ വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. ആനകളുടെ ചിന്നം വിളി കേട്ടാണ് സമീപവാസികള്‍ ശ്രദ്ധിച്ചത്. റോഡിലൂടെ നടന്ന ആനകള്‍ മീന്‍ കച്ചവടം നടത്തിയിരുന്ന തട്ട് വലിച്ചെറിഞ്ഞു. മറ്റ് നാശനഷ്ടങ്ങളൊന്നും വരുത്താതെ ആനകള്‍ കൂട്ടമായി കൊച്ചിന്‍ മലബാറിന്റെ റബ്ബര്‍ എസ്റ്റേറ്റിലേക്ക് കയറുകയായിരുന്നു.

ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തില്‍ തന്നെ നിലയുറപ്പിച്ചു. തുടര്‍ന്നാണ് ആനകളെ തുരത്താന്‍ കുങ്കിയാനകള്‍ ഉള്‍പ്പെടുന്ന സംഘത്തെ പാലപ്പിള്ളിയില്‍ എത്തിച്ചത്.