വയനാടോ, റായ്ബറേലിയോ, ഏത് മണ്ഡലത്തെ കൈവിടും, തീരുമാനം ആയിട്ടില്ലെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിനു പിന്നാലെ വയനാട് നിലനിർത്തണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും ആലോചിച്ച് മാത്രമേ അക്കാര്യം തീരുമാനിക്കൂവെന്നും കോൺഗ്രസ് നേതാവ് രാഹുൽ. കോൺഗ്രസ് നേതാക്കളുടെ വാർത്താസമ്മേളനത്തിലാണ് രാഹുൽ പ്രതികരിച്ചത്. വയനാട്ടിൽ കൂടാതെ റായ്ബറേലിയിലും വിജയിച്ചതിനാൽ രാഹുൽ ഏത് മണ്ഡലത്തെ കൈവിടുമെന്നാണ് ജനം ഉറ്റുനോക്കുന്നത്.

രണ്ട് മണ്ഡലത്തിൽ വിജയിച്ച സാഹചര്യത്തിൽ ഏത് സീറ്റിൽ തുടരുമെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി രാഹുൽ നൽകിയില്ല. രണ്ടു മണ്ഡലങ്ങളിലും ജയിക്കാൻ സാധിച്ചതിൽ റായ്‌ബറേലിയിലെയും വായനാട്ടിലേക്കും ജനങ്ങളോട് നന്ദി പറയുന്നുവെന്നും എന്നാൽ ഏത് മണ്ഡലം നിലനിർത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞ രാഹുൽ പറഞ്ഞു. അത് സംബന്ധിച്ച് തനിക്ക് മുന്നണിയിലെ മറ്റുള്ളവരോട് ചോദിക്കണമെന്ന മറുപടിയാണ് നൽകിയത്.

തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും വയനാടും ജയിച്ചാൽ രാഹുൽ വയനാടിനെ കൈവിടുമെന്നുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മാത്രമാണ് കോൺഗ്രസ് രാഹുലിനെ റായ്‌ബറേലിയിൽ സ്ഥാനാർത്ഥിയാക്കിയത്. തെരഞ്ഞെടുപ്പിൽ അമേഠിയിൽ തിരിച്ചടി നേരിട്ടപ്പോൾ രാഹുലിന് എംപി സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ പിടിവള്ളിയായ മണ്ഡലമായിരുന്നു വയനാട്.

ഇത് വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാന്നെന്നുള്ള ആരോപണങ്ങളും ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിന് തീരുമാനമെടുക്കുക അത്ര എളുപ്പമായിരിക്കില്ല എന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ.