ലൈംഗിക അതിക്രമ കേസുകൾ ഡബ്ള്യുസിസി നോക്കേണ്ട; അഭിനയവും സിനിമയും ശ്രദ്ധിച്ചാൽ മതിയെന്ന് ഇന്ദ്രൻസ്

തിരുവനന്തപുരം. നടി ആക്രമിക്കപ്പെട്ട കേസിൽ വുമൺ ഇൻ സിനിമ കളക്റ്റീവിനെതിരെ (ഡബ്ള്യുസിസി) ആഞ്ഞടിച്ച് നടൻ ഇന്ദ്രൻസ്. അഭിനയവും സിനിമയും അല്ലാതെ അതിനു പുറത്തുള്ള കാര്യങ്ങൾ ഏറ്റെടുക്കാൻ ഡബ്ള്യുസിസിയ്ക്ക് അവകാശമുണ്ടെന്ന് കരുതുന്നില്ലെന്നാണ് ഇന്ദ്രൻസ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ താരങ്ങൾ ചേരി തിരിഞ്ഞിരിക്കെയാണ് ഡബ്ല്യൂസിസിയ്ക്ക് എതിരെ പ്രതികരണവുമായി ഇന്ദ്രൻസ് കൂടി രംഗത്ത് വന്നിരിക്കുന്നത്.

അക്രമിക്കപ്പെട്ട നടിക്ക് ഡബ്‌ള്യുസിസി ഇല്ലായിരുന്നെങ്കിൽ, പൊതുസമൂഹത്തിൽ നിന്നും വലിയ പിന്തുണ ലഭിക്കുമായിരുന്നു. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയിലും നടക്കുന്നത്. അതുകൊണ്ടാണ് ഈ രീതിയിൽ പ്രതികരണം നടത്തുന്നത്. സിനിമ കമ്പനിപോലെയല്ല എന്നത് ഞാൻ എന്റെ അറിവ് വെച്ച് പറയുന്നതാണ് – ഇന്ദ്രൻസ് പറഞ്ഞിരിക്കുന്നു.

നടിയ്ക്ക് നീതി ലഭിക്കുന്നത് ഡബ്ള്യുസിസി ഉള്ളതുകൊണ്ടല്ല. കേരളത്തിലെ നിയമവ്യവസ്ഥ അങ്ങനെ നിലനിൽക്കുന്നതുകൊണ്ടാണ്. അല്ലാതെ അവരുടെ ഇടപെടൽ കൊണ്ടല്ല. ഈ വാക്കുകൾ വിവാദമാക്കാൻ വേണ്ടി പറഞ്ഞതല്ല. ഡബ്ള്യുസിസി ഉള്ളതുകൊണ്ടാണ് ഇത്രമാത്രം കേസ് മുന്നോട്ടു പോയതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? സംഘടന ഈ കേസ് ഏറ്റെടുത്തില്ലെങ്കിലും കേസ് മുന്നോട്ടു പോകുമായിരുന്നു – ഇന്ദ്രൻസ് പറഞ്ഞു.

വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന ഡബ്ള്യുസിസി എന്ന സംഘടന വേണ്ടെന്നു ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല. ഇത്തരം കേസുകൾ ആ സംഘടനാ ഏറ്റെടുക്കേണ്ടതില്ല. നാട്ടിൽ നടക്കുന്ന ക്രൈം പോലെയുള്ള കാര്യങ്ങളാണ് സിനിമയിലും നടക്കുന്നത്. അപ്പോൾ നിയമവഴി തന്നെയാണ് തേടേണ്ടത്. അല്ലാതെ സംഘടനയുടെ ഇടപെടലുകൾ അല്ല. എന്ത് ക്രൈം നടന്നാലും ഇവിടെ നിയമവും സംവിധാനങ്ങളുമുണ്ട്. സ്ത്രീ പുരുഷ സമത്വമല്ല നമുക്ക് വേണ്ടത്. സ്ത്രീ പുരുഷനെക്കാൾ മുകളിലാണ്. ഈ കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് സ്ത്രീ-പുരുഷ സമത്വമല്ല വേണ്ടത് എന്ന് ഞാൻ പറയുന്നത്. ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ താര സംഘടനയായ അമ്മയുടെ ഇടപെടലിനെക്കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല – ഇന്ദ്രൻസ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോൾ വിചാരണ പുരോഗമിക്കുകയാണ്. കേസിലെ മുഖ്യ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകളും ഉയർന്നിട്ടുണ്ട്. രണ്ടു കിഡ്‌നികൾക്കും അസുഖം ബാധിച്ചിരിക്കുന്നു എന്നും അദ്ദേഹം ഡയാലിസിസിൽ ആണെന്നുമാണ് പുറത്ത് വന്നിരിക്കുന്ന വാർത്തകൾ. അതിനിടയിൽ തന്നെയാണ് ബാലചന്ദ്രകുമാറിനെ മൊഴിമാറ്റിക്കാൻ നടന്നതായുള്ള ആരോപണങ്ങളും ഉയരുന്നു. സിനിമാ താരങ്ങൾ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകം വരെ ഈ കേസിൽ ആകാംക്ഷഭരിതാരാണ്‌. പ്രമുഖ നടൻ ദിലീപ് ഈ കേസിൽ പ്രതിയായതാണ് കേസിൽ പ്രത്യേക ശ്രദ്ധക്ക് കാരണമായത്.