ബേലൂര്‍ മഖ്‌നയെ പിടികൂടുന്നത് വൈകുന്നു, പ്രതിഷേധവുമായി നാട്ടുകാര്‍

മാനന്തവാടി:ബേലൂര്‍ മഖ്‌നയെ പിടികൂടുന്നത് വൈകുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ആന നമ്മുടെ തൊട്ടടുത്തുണ്ട്. ഈ ടൗണില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരത്ത് ആന നില്‍ക്കുന്നുണ്ടെന്നാണ് അവസാനം കിട്ടിയ വിവരം. അധികൃതര്‍ ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. എന്തിനുവേണ്ടിയാണ് അവര്‍ കാത്തിരിക്കുന്നത്? പ്രതിഷേധവുമായി രം​ഗത്തുവന്ന വയനാട് കാട്ടിക്കുളത്താണ് കര്‍ഷക കൂട്ടായ്മ ചോദിക്കുന്നു. കാട്ടാനയെ പിടികൂടുംവരെ സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു

‘ഈ പ്രതിഷേധം നടക്കുമ്പോഴും ആന നമ്മുടെ തൊട്ടടുത്തുണ്ട്. ഓരോ നിമിഷവും ആശങ്ക കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.’ -പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

അതേസമയം മോഴയാന ബേലൂര്‍ മഖ്‌നയുടെ ലൊക്കേഷൻ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ പ്രകാരം വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രായോഗിക പ്രശ്‌നങ്ങളുള്ളതാണ് മയക്കുവെടി വെക്കാന്‍ തടസ്സമെന്നാണ് അധികൃതര്‍ പറയുന്നത്. അനുയോജ്യമായ സ്ഥലത്തേക്ക് ആനയെത്തിയാല്‍ ഉടന്‍ മയക്കുവെടി വെക്കുമെന്നും വനംവകുപ്പ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ബേലൂര്‍ മഖ്‌ന മണ്ണുണ്ടി ഭാഗത്തേക്ക് നീങ്ങുകയാണ് എന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ ലഭിച്ച സിഗ്നല്‍ പ്രകാരം ആന ഇരുമ്പുപാലത്തിന് സമീപമായിരുന്നു. കാട്ടിക്കുളത്തുനിന്ന് കര്‍ണാടകയിലെ കുടക് ഭാഗത്തേക്കുള്ള റോഡിലുള്ള സ്ഥലമാണ് ഇരുമ്പുപാലം. വനംവകുപ്പ് സംഘവും മയക്കുവെടി സംഘവും അതിരാവിലെ തന്നെ വനത്തിനകത്തേക്ക് കടന്നിരുന്നു. ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇരുമ്പുപാലത്തെ ജനങ്ങള്‍ക്ക് രാവിലെ തന്നെ മുന്നറിയിപ്പ് നല്‍കുകയും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്തിരുന്നു.