യുവാവിനെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി വീഡിയോ പകര്‍ത്തി, 21കാരിയും പങ്കാളിയും പിടിയില്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട യുവാവിനെ വശീകരണക്കെണി ഒരുക്കി ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി നഗ്ന വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രമ്ട് പേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം പങ്കാളിക്കൊപ്പം യുവാവിനെ നഗ്നനാക്കി നിര്‍ത്തിയ ശേഷമാണ് പൊക്കുന്ന് കുളങ്ങര പീടിക പാടിയേക്കല്‍ നജു മന്‍സില്‍ ഫൈദജാസ്(30) വീഡിയോ പകര്‍ത്തിയത്. ഇയാളുടെ പങ്കാളി മാനന്തവാട് വേമം ചീരക്കാട് വീട്ടില്‍ എം ഷബാന എന്ന 21 കാരിയും പിടിയിലായി.

സോഷ്യല്‍ മീഡിയ വഴിയാണ് പരാതിക്കാരനായ യുവാവും ഷബാനയും അടുക്കുന്നത്. കാസര്‍കോട് സ്വദേശിയായ യുവാവിനെ ചൊവ്വാഴ്ച രാത്രിയോടെ യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസില്‍ ഇരിങ്ങല്ലൂരിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി. ഇയാള്‍ മുറിയില്‍ എത്തിയതോടെ ഷബാനയുടെ ഭര്‍ത്താവ് എന്ന് അവകാശപ്പെട്ട് ഫൈജാസ് എത്തി.

തുടര്‍ന്ന് ഷബാനയും ഫൈജാസും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് വിവസ്ത്രനാക്കിയ ശേഷം ഷബാനയ്ക്ക് ഒപ്പം നിര്‍ത്തി ഫൈജാസ് വീഡിയോ പകര്‍ത്തി. സ്വന്തം പങ്കാളിക്കൊപ്പം യുവാവിനെ ഫൈജാസ് നഗ്നനാക്കി നിര്‍ത്തി വീഡിയോ പകര്‍ത്തുകയായിരുന്നു. ഈ വിഡിയോ പരസ്യപ്പെടുത്തുമെന്നും അല്ലാത്ത പക്ഷം പണം നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു.

യുവാവിന്റെ കൈവശമുണ്ടായിരുന്ന 8500 രൂപയും മൊബൈല്‍ ഫോണും 1500 രൂപ ഗൂഗിള്‍ പേ വഴിയും തട്ടിയെടുത്തുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു. ബുധനാഴ്ച രാവിലെ പോലീസ് ഫ്‌ലാറ്റിലെത്തി ഷബാനയെയും ഫൈജാസിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഫൈജാസ് നേരത്തെ തിരുവനന്തപുരത്ത് ആയുധം കൈവശം വെച്ച കേസിലും പ്രതിയായിരുന്നു.

പന്തീരാങ്കാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു കെ ദാസ്, സബ് ഇന്‍സ്‌പേക്ടര്‍ ധനഞ്ജയ്ദാസ്, എസ് സി പി ഒമാരായ രൂപേഷ്, ഷീന ജോര്‍ജ്, സിപിഒമാരായ എം രഞ്ജിത്ത്, രാജേഷ്, അബ്ദുള്‍ റഷീദ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.