സര്‍ക്കാര്‍ ബോട്ടില്‍ യുവതിക്ക് നേരെ പീഡനശ്രമം, ജീവനക്കാർക്കെതിരെ പരാതി

കൊച്ചി. സര്‍ക്കാര്‍ ബോട്ടില്‍ യുവതിക്ക് നേരെ ജീവനക്കാരന്‍ പീഡനശ്രമം നടത്തിയതായി പരാതി. മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. യുവതിയും ഇവരുടെ സുഹൃത്തിന്റെ സഹോദരിയുമാണ് മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള സര്‍ക്കാര്‍ സര്‍വീസ് ബോട്ടില്‍ കയറിയത്. ഈ സമയം ബോട്ടില്‍ വച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി.

ഇത് ചോദ്യം ചെയ്യുകയും തുടർന്ന് എറണാകുളം സ്റ്റേഷന്‍ മാസ്റ്ററോട് പരാതി പറഞ്ഞപ്പോള്‍ ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് പരിഹസിച്ചെന്നും യുവതി ഫോര്‍ട്ട്‌ കൊച്ചി പൊലീസിന് മൊഴി നല്‍കി.

അതേസമയം പൊലീസിന് പരാതി നല്‍കിയപ്പോള്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും യുവതി ആരോപിച്ചു.